ഒറ്റപ്പെട്ട ദ്വീപ് നിവാസികൾക്ക് പുറം ലോകത്തേക്കൊരു വാതിൽ; പെരുമ്പളം പാലം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

perumbalam

ആലപ്പുഴയിലെ പെരുമ്പളം പാലം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. കായലിന് കുറുകെയുള്ള ഏറ്റവും നീളമേറിയ പാലമാണിത്. കിഫ്ബി ഫണ്ടിൽ നിന്ന് നൂറ് കോടി രൂപമുടക്കിയാണ് പാലം നിർമിച്ചിരിക്കുന്നത്. പദ്ധതിയെ എതിർക്കുന്നവരുണ്ടായിരുന്നുവെന്നും എതിർക്കുന്നവരുടെ കൂടെ നിൽക്കാനല്ല സർക്കാരെന്നും പാലം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 

ഇതെല്ലാം ഏത് സർക്കാരായാലും ചെയ്യുമെന്ന് പറയുന്നവർ മറ്റേത് സർക്കാരാണ് ഇതെല്ലാം ചെയ്തിട്ടുള്ളതെന്ന് ചിന്തിച്ച് നോക്കണമെന്നും പറഞ്ഞു. ഒരിക്കലും നടക്കില്ലെന്ന് പലരും വിധിയെഴുതിയ പദ്ധതി യാഥാർഥ്യമായത് എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതുകൊണ്ടും ജനങ്ങൾ തുടർഭരണം സമ്മാനിച്ചത് കൊണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു

നാലുഭാഗവും കായലിനാൽ ചുറ്റപ്പെട്ട പെരുമ്പളം ദ്വീപിലുള്ളത് 15,000 ത്തോളം വരുന്ന ജനതയാണ്. ഇവർക്ക് കരയുമായി ബന്ധപ്പെടാൻ വള്ളവും ബോട്ടുമായിരുന്നു ഇതുവരെയുള്ള ഏക ആശ്രയം. 1157 മീറ്റർ നീളമുള്ള പാലത്തിന് 11 മീറ്റർ വീതിയുണ്ട്. 1.5 മീറ്റർ വീതിയിൽ നടപ്പാതയുമുണ്ട്.
 

Tags

Share this story