യാത്രക്കാരിയായ യുവതിയോട് അപമര്യാദയായി പെരുമാറി; ടിടിഇ അറസ്റ്റിൽ

tte

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ടിടിഇ അറസ്റ്റിൽ. നിലമ്പൂർ-കൊച്ചുവേളി രാജ്യറാണി എക്‌സ്പ്രസിലാണ് സംഭവം. തിരുവനന്തപുരം സ്വദേശിയായ ടിടിഇ നിധീഷിനെ കോട്ടയം റെയിൽവേ പോലീസാണ് പിടികൂടിയത്. പരിശോധനയിൽ ഇയാൾ മദ്യപിച്ചിരുന്നതായും കണ്ടെത്തി

നിലമ്പൂരിൽ നിന്നും പിതാവിനൊപ്പം റെയിൽവേ സ്റ്റേഷനിലെത്തിയ യുവതി ഒറ്റയ്ക്കാണ് ട്രെയിനിൽ കയറിയത്. ഇതിനിടയിലായിരുന്നു ടിടിഇയുടെ അതിക്രമം. ട്രെയിനിലേക്ക് കയറ്റി വിട്ടപ്പോൾ തന്നെ പിതാവ് മകൾ ഒറ്റയ്ക്കാണ് ഒന്ന് നോക്കണേ എന്ന് ടിടിഇയോട് പറഞ്ഞിരുന്നു. ഇതോടെ ഇയാൾ പരിചയം സ്ഥാപിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. നിലമ്പൂരിൽ നിന്നും യാത്ര തിരിച്ച് ഒരു മണിക്കൂർ ആയപ്പോഴേക്കും ഇയാൾ യുവതി ഇരിക്കുന്ന സീറ്റിനടുത്ത് വരികയും അശ്ലീലച്ചുവയോടെ സംസാരിക്കുകയും ചെയ്തു.

പിന്നീട് മറ്റൊരു കമ്പാർട്ട്മെന്റിലേക്ക് മാറണമെന്ന് ആവശ്യപ്പെട്ടു. ഇത് യുവതി നിരസിച്ചതോടെയാണ് ആ ഇയാൾ ബലപ്രയോഗം നടത്തിയത്. തുടർന്ന് യുവതി തിരുവനന്തപുരം പൊലീസ് കൺട്രോൾ റൂമിലേക്കും റെയിൽവേ പൊലീസ് കൺട്രോൾ റൂമിലേക്കും ഫോണിലൂടെ പരാതി അറിയിക്കുകയായിരുന്നു.

Share this story