വിനോദസഞ്ചാര രംഗത്ത് വേറിട്ട പ്രവര്‍ത്തനങ്ങളുമായി ഒരുകൂട്ടം കര്‍ഷകര്‍
കോഴിക്കോട്: കേരളത്തില്‍ നിരവധി പദ്ധതികളുമായി വിനോദസഞ്ചാര രംഗം അതിവേഗം കുതിക്കുമ്പോള്‍ മാതൃകാ കൃഷിരീതികളും നൂതന സാങ്കേതികവിദ്യകളും പ്രയോജനപ്പെടുത്തി മുന്നേറുന്ന ഒരു കൂട്ടായ്മ ശ്രദ്ധയാകര്‍ഷിക്കുന്നു. കാര്‍ഷിക രംഗത്ത് ഏത് മത്സരത്തിലും പങ്കാളികളായി ജില്ല - സംസ്ഥാന - ദേശീയ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടുകയാണ് തിരുവമ്പാടിയിലേയും സമീപ പ്രദേശങ്ങളിലെയും ഒരുകൂട്ടം കര്‍ഷകര്‍. പരമ്പരാഗതമായ തെങ്ങും കവുങ്ങും വാഴയും ചേനയും ചേമ്പുമെല്ലാം കൃഷിചെയ്യുന്നതിനൊപ്പം ജാതിയും അലങ്കാര മത്സ്യങ്ങളുമെല്ലാം ഇവരുടെ ഫാമുകളില്‍ പുരസ്‌കാരത്തിളക്കങ്ങള്‍ സമ്മാനിക്കുന്നു.
ഏക വിള കൃഷിയെ ആശ്രയിക്കുന്ന കാലം അതിക്രമിച്ചെന്നാണ് ഈ കര്‍ഷകരെല്ലാം ഒരേപോലെ സാക്ഷ്യപ്പെടുത്തുന്നത്. അതുകൊണ്ടുതന്നെ തെങ്ങും കവുങ്ങും ജാതിയും എന്തിന് പച്ചക്കറികള്‍വരെ ഒരേയിടത്ത് വിളയിക്കുന്ന സമ്മിശ്രക്കൃഷിരീതിയാണ് ഇവര്‍ പരീക്ഷിച്ച് വിജയിപ്പിച്ചിരിക്കുന്നത്.
ആട് ,കോഴി, മത്സ്യകൃഷി, അലങ്കാര മത്സ്യകൃഷി, തേനീച്ച തുടങ്ങി - കൃഷിയുടെ വിവിധ മേഖലകളിലെ അവാര്‍ഡ് ജേതാക്കളെയും മാതൃകാ കര്‍ഷകരെയും കൃഷിയിടങ്ങളെയും മറ്റു ഫാമുകളെയും ഒരുമിച്ച് കണ്ട് മനസ്സിലാക്കുവാനും ആസ്വദിക്കുവാനും തിരുവമ്പാടിയില്‍ എത്തിയാല്‍ മതിയെന്ന സ്ഥിതിയായിരിക്കുന്നു.
ഡൊമിനിക് മണ്ണുക്കുശുമ്പില്‍
കര്‍ഷകോത്തമ പുരസ്‌കാരത്തിന് അര്‍ഹനായ ഡൊമിനിക് മണ്ണുക്കുശുമ്പില്‍ ആണ് ഇവരില്‍ ഒരാള്‍. പാപ്പച്ചന്‍ ചേട്ടന്‍ എന്നാണ് വീട്ടുകാര്‍ക്കൊപ്പം നാട്ടുകാരും ഈ മനുഷ്യനെ സ്‌നേഹത്തോടെ വിളിക്കുന്നത്. കേര കൃഷിയുടെ ആധികാരിക ശബ്ദമെന്നുവേണം ഇദ്ദേഹത്തെ വിശേഷിപ്പിക്കാന്‍. ഏകവിള കൃഷിയെ എതിര്‍ക്കുന്ന ഉത്തമ കര്‍ഷകനാണ് പാപ്പച്ചന്‍ ചേട്ടന്‍. ബഹുവിള കൃഷിയുടെ പ്രചാരകന്‍. രാസകീടനാശിനികള്‍ ഉപയോഗിക്കാത്ത പ്രകൃതിസ്‌നേഹിയായ കര്‍ഷകന്‍ എന്നതിനൊപ്പം തന്റെ കൃഷിയിടത്തില്‍ തഴച്ചുവളരുന്ന കളച്ചടികളെപ്പോലും വളമായി ഉപയോഗിക്കുന്ന വ്യക്തികൂടിയാണ് ദീര്‍ഘവീക്ഷണമുള്ള ഈ കര്‍ഷക പ്രതിഭ.
കേരള സര്‍ക്കാരിന്റെ കേരകേസരി, കര്‍ഷകോത്തമ അവാര്‍ഡുകള്‍ക്കൊപ്പം കേന്ദ്ര നാളികേര വികസന ബോര്‍ഡിന്റെ ഇന്ത്യയിലെ മികച്ച കേരകര്‍ഷകനുള്ള അവാര്‍ഡും നേടാനായതും ഈ മനുഷ്യന്റെ മണ്ണിനോടും വിളകളോടുമുള്ള ഒടുങ്ങാത്ത മുഹബ്ബത്തിനുള്ള അംഗീകാരംതന്നെ. ടാറ്റാ വയറോണ്‍ അടക്കമുള്ള പ്രമുഖ പുരസ്‌കാരങ്ങളും ഡൊമിനിക്കിനെ തേടിയെത്തിയിട്ടുണ്ട്.
കര്‍ഷകശ്രീ സാബു തറക്കുന്നേല്‍
ഒരു ഫാം എങ്ങനെയായിരിക്കണമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് മലയാള മനോരമ കര്‍ഷകശ്രീ അവാര്‍ഡ് ജേതാവായ സാബു ജോസഫ് തറക്കുന്നേലിന്റെ തോട്ടം. മികച്ച ഒരു ഉദ്യാനത്തിന്റെ രീതിയിലാണ് ഈ ഫാം രൂപാന്തരപ്പെടുത്തിയിരിക്കുന്നത്. ജാതി, തെങ്ങ്, വാനില, തിപ്പലി തുടങ്ങിയ വിവിധയിനം മരങ്ങളും ചെടികളുമെല്ലാം ഇവിടെ എത്രവേണമെങ്കിലും സുലഭം. തേനീച്ച വളര്‍ത്തുന്നതിലും ഇദ്ദേഹം മികവ് തെളിയിച്ചിട്ടുണ്ട്. ചെറുതേനീച്ചകളുടെ ഒരു പാറുദീസയാണിവിടമെന്ന് സന്ദര്‍ശനം നടത്തുന്ന ഏതൊരാളും സമ്മതിക്കും.
ജേക്കബ് തോമസ്
പുരയിടത്തില്‍
തിരുവമ്പാടിയില്‍ നടന്ന മലയോര മഹോത്സവത്തില്‍ ജേക്കബ് തോമസിന്റെ നേതൃത്വത്തില്‍ നടത്തിയ ആടുകളുടെ പ്രദര്‍ശനവും മത്സരവും ഏറെ ശ്രദ്ധനേടിയിരുന്നു. അനേകം കര്‍ഷകരാണ് തങ്ങളുടെ മികച്ച ആടുകളുമായി ഇവിടെ മാറ്റുരച്ചത്. ഏഴോളം ഒന്നാം സമ്മാനങ്ങള്‍ നേടിയെടുത്ത് ഓവറോള്‍ പട്ടം നേടിയ കര്‍ഷകനാണെന്നതും എടുത്തുപറയേണ്ടതാണ്, ദീര്‍ഘകാലത്തെ പ്രവാസത്തിന് ശേഷം തിരിച്ചെത്തിയാണ് ഈ രംഗത്തേക്ക് ചുവടുവെച്ചത്. ജമുനാപാരി, മലബാറി, സിരോഹി, ബീറ്റില്‍ തുടങ്ങി വിവിധയിനം ആടുകളുടെ ഒരു വന്‍ ശേഖരം തന്നെ ഇദ്ദേഹത്തിന് സ്വന്തമായുണ്ട്. മൂന്നു പതിറ്റാണ്ടിന്റെ ഈ രംഗത്തെ അനുഭവ പരിചയമാണ് ഈ മനുഷ്യന്റെ കരുത്ത്.
താലോലം പ്രൊഡക്ട്‌സ്.
ഇവിടം സന്ദര്‍ശിക്കുന്നവര്‍ വിട്ടുപോകാതെ കാണേണ്ടുന്ന ഒരു സംരംഭമാണ് ബീന അജുവിന്റെ ഉടമസ്ഥതയിലുള്ള എക്കോ ഫ്രണ്ടലി ടോയ്‌സ് യൂണിറ്റ്. പ്രകൃതിക്ക് ദോഷംചെയ്യുന്ന പ്ലാസ്റ്റിക്കിന് പകരം മരത്തില്‍ നിര്‍മ്മിച്ച ശിശു സൗഹൃദപരമായ നിരവധി കളിപ്പാട്ടങ്ങളും കരകൗശല വസ്തുക്കളുമാണ് ഇവിടെ സന്ദര്‍ശകര്‍ക്ക് കാണാന്‍ സാധിക്കുക. വിനോദത്തിനൊപ്പം കുട്ടികളുടെ ബുദ്ധിവികാസത്തിനും ഉപകരിക്കുന്ന ധാരാളം കളിപ്പാട്ടങ്ങള്‍ ഇവിടെ ആവശ്യക്കാര്‍ക്ക് മിതാമായ നിരക്കില്‍ ലഭ്യമാണെന്നത് എടുത്തുപറയേണ്ടതുണ്ട്.
ഉരുക്കുവെളിച്ചെണ്ണ(വെന്തവെളിച്ചെണ്ണ), അവലോസ് പൊടി, അവലോസ് ഉണ്ട, കുഴലപ്പം, പുളിച്ചമ്മന്തിപ്പൊടി (കറിവേപ്പിലക്കട്ടി) എന്നീ നാളികേര അധിഷ്ഠിത ഉത്പന്നങ്ങളുടെ വിപണനവും ബീനയുടെ നേതൃത്വത്തില്‍ വിജയകരമായി നടന്നുവരുന്നു. തീര്‍ത്തും ജൈവ വിളകളെ ആശ്രയിച്ചു തയാറാക്കുന്ന സുഗന്ധവ്യഞ്ജനപ്പൊടികളും ഇവിടെ ആളുകള്‍ക്ക് വാങ്ങാനാവും. ഗരംമസാല, ഇറച്ചി മസാല, ചിക്കന്‍ മസാല, പോര്‍ക്ക് മസാല, ഫിഷ് മസാല, സാമ്പാര്‍ പൊടി എന്നിവയെല്ലാം ഓര്‍ഡര്‍ അനുസരിച്ച് നിര്‍മ്മിച്ച് കൊടുക്കുന്നതായും ബീന അജു വെളിപ്പെടുത്തി.
ലെയ്ക്ക് വ്യൂ ഫാം സ്റ്റേ
ആന്റണി പി ജെയുടെ ഉടമസ്ഥതയിലുള്ളതാണ് ലെയ്ക്ക് വ്യൂ ഫാം സ്റ്റേ. തടാകം കണ്ടുണരാന്‍ ഇവിടെ താമസിച്ചാല്‍ സാധിക്കുമെന്നതാണ് ഏറ്റവും വലിയ സവിശേഷത. അഞ്ചും ആറും കിലോഗ്രാമോളം തൂക്കംവരുന്ന മത്സ്യങ്ങള്‍ നിറഞ്ഞ തടാകമാണ് ഈ ഫാമിനെ വേറിട്ടതാക്കുന്നത്. സന്ദര്‍ശകര്‍ക്ക് ചൂണ്ടയിട്ട് മീന്‍ പിടിക്കാനും ആവശ്യമെങ്കില്‍ ഇവിടെ വച്ച് തന്നെ പാചകം ചെയ്യാനുമുള്ള സജ്ജീകരണങ്ങളും ഇവര്‍ ഒരുക്കാറുണ്ട്. കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ 'മത്സ്യ സഞ്ചാരി' എന്ന അക്വാ ടൂറിസം പദ്ധതിയുടെ ഭാഗമയുള്ളതുകൂടിയാണ് ഈ സംരംഭം.
അക്വാ പെറ്റ്‌സ് ഇന്റര്‍നാഷനല്‍
ദേശീയ അവാര്‍ഡ് നേടിയയെന്നതിനൊപ്പം സന്ദര്‍ശകരെ അത്ഭുതപ്പെടുന്ന അലങ്കാര മത്സ്യങ്ങളുടെ കേന്ദ്രമായ അക്വാ പെറ്റ്‌സ് ഇന്റെര്‍നാഷ്ണല്‍ ഏതൊരു സന്ദര്‍ശകനെയും എണ്ണത്താല്‍ അന്ധാളിപ്പിക്കുമെന്ന് തീര്‍ച്ച. ലക്ഷക്കണക്കിന് വിവിധ ഇനം ഗപ്പികളാണ് ഇവിടെ സംരക്ഷിച്ച്ുവരുന്നത്. ഓര്‍ഡര്‍ പ്രകാരം ഏത് നാട്ടിലേക്കും ഇവിടെനിന്നും ഗപ്പികള്‍ കടലും കപ്പലും കയറി പോകാറുണ്ട്. ജോര്‍ജ്ജുകുട്ടി എന്ന ജോര്‍ജ്ജ് പി സി പനച്ചിക്കലിന്റെ ഒരു സ്വപ്‌ന സംരംഭമാണിത്.
ബോണി ജോസഫ് മുട്ടത്തുകുന്നേലിന്റെ ഗ്രേയ്‌സ് ഗാര്‍ഡനും ദേവസ്യ മുളക്കലിന്റെ ഫ്രൂട്‌സ് ഗാര്‍ഡന്‍ റിസോര്‍ട്ടുമെല്ലാം നേരില്‍ കണ്ടുതന്നെ അറിയേണ്ടതാണെന്നതും പറയേണ്ടതുണ്ട്. ഫാം ടൂറിസത്തിന്റെ ഭാഗമായി തിരുവമ്പാടിയിലേക്കു ചെന്നാല്‍ നിരാശപ്പെടേണ്ടി വരില്ല.
