‘ഒരു കൈയബദ്ധം’; ആറുവരിപ്പാതയിൽ ദിശ തെറ്റിച്ച് പാഞ്ഞ് കെഎസ്ആർടിസി ബസ്
കോഴിക്കോട്: ദേശീയപാതയിലെ വൺവേയിൽ എതിർദിശയിൽ സഞ്ചരിച്ച് കെഎസ്ആർടിസി ബസ്. ഫാസ്റ്റ് ടാഗിൽ പണമില്ലാതെ വന്നതോടെ ബസ് അപകടകരമായ രീതിയിൽ ദിശ തെറ്റിച്ച് തിരിഞ്ഞോടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ജൂൺ നാലിന് വൈകിട്ട് മൂന്നു മണിയോടെയാണ് സംഭവം. ബസ് വൺ വേയിൽ തെറ്റായ ദിശയിൽ സഞ്ചരിക്കുന്ന വിഡിയോ പുറത്തു വന്നിട്ടുണ്ട്.
കോഴിക്കോട്ട് നിന്ന് രാമനാട്ടുകരയിലേക്ക് യാത്ര ചെയ്തു കൊണ്ടിരുന്ന സൂപ്പർഫാസ്റ്റ് ബസാണ് ദേശീയ പാതയിൽ തോന്നിയ പോലെ വണ്ടിയോടിച്ചത്. തൊണ്ടയാട് നിന്നും ബൈപ്പാസിലേക്ക് കേറിയ ശേഷം ടോൾ പ്ലാസയിൽ എത്തിയപ്പോഴാണ് ഫാസ്ടാഗിൽ ബാലൻസ് ഇല്ലെന്ന് കണ്ടെത്തിയത്.
അവിടെ വച്ചു തന്നെ ബസ് തിരിച്ചോടിക്കാൻ ഡ്രൈവർ തീരുമാനിക്കുകയായിരുന്നു. മൂന്നു കിലോമീറ്ററോളം ബസ് ഇത്തരത്തിൽ വൺവേ തെറ്റിച്ച് സഞ്ചരിച്ചത്. ആദ്യം പാതയ്ക്കു നടുവിലൂടെയുള്ള ട്രാക്കിലൂടെയായിരുന്നു സഞ്ചാരം. യാത്രക്കാർ ബഹളം വച്ചതോടെ സ്ലോ ട്രാക്കിലേക്ക് മാറ്റി.കുറച്ചു ദൂരം സഞ്ചരിച്ച ശേഷം സർവീസ് റോഡിലേക്ക് പ്രവേശിക്കുന്നതിനിടെ റോഡിൽ വലിയ ഗതാഗതക്കുരുക്കും സൃഷ്ടിച്ചു. ഒരു വശത്തേക്ക് സഞ്ചരിക്കാൻ 445 രൂപയാണ് കെഎസ്ആർടിസിയിൽ നിന്ന് ടോൾ പ്ലാസയിൽ ഈടാക്കുന്നത്. ഫാസ്ടാഗിൽ പണമില്ലെങ്കിൽ 556 രൂപ അടയ്ക്കേണ്ടതായി വരും. ഈ പണം ഡ്രൈവർക്ക് പിന്നീട് തിരിച്ചു കിട്ടാൻ വകുപ്പുമില്ല. അതിനാലാണ് ഡ്രൈവർ അപകടകരമായ തീരുമാനമെടുത്തത്.
