പീഡനക്കേസിൽ ജാമ്യം ലഭിച്ചയാൾ വീട്ടമ്മയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസിൽ അറസ്റ്റിൽ

പീഡനക്കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ പ്രതി വീട്ടമ്മയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസിൽ അറസ്റ്റിൽ. ഞാറയ്ക്കൽ മണപ്പുറത്ത് വീട്ടിൽ ആനന്ദൻ(42) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന വീട്ടമ്മയുടെ സമീപം സ്‌കൂട്ടറിലെത്തിയ ഇയാൾ എൽ എൻ ജിയിൽ ജോലി ഒഴിവുണ്ടെന്നും ഇപ്പോൾ ചെന്നാൽ വീട്ടമ്മക്കോ പരിചയത്തിലുള്ള മറ്റാർക്കെങ്കിലുമോ ജോലി വാങ്ങി തരാമെന്ന് പറഞ്ഞ് സ്‌കൂട്ടറിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു
എൽ എൻ ജി ഭാഗത്തുള്ള ആളൊഴിഞ്ഞ ഭാഗത്തേക്കാണ് ഇയാൾ വീട്ടമ്മയെ കൊണ്ടുപോയത്. ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ വീട്ടമ്മ സ്‌കൂട്ടർ നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ വഴങ്ങിയില്ല. തുടർന്ന് ഇവർ സ്‌കൂട്ടറിൽ നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു. സ്‌കൂട്ടറിൽ നിന്നുള്ള വീഴ്ചയിൽ വീട്ടമ്മക്ക് സാരമായി പരുക്കേറ്റിട്ടുണ്ട്.
2016ല്‍ ആശുപത്രിയിലേക്ക് ബസ് കാത്തുനിന്ന 67കാരിയെ ആശുപത്രിയിലെത്തിക്കാമെന്ന് പറഞ്ഞ് സ്‌കൂട്ടറില്‍ കയറ്റുകയും ആളൊഴിഞ്ഞ ഭാഗത്ത് എത്തിച്ച് മാനഭംഗപ്പെടുത്തിയ കേസിലും ഇയാള്‍ പ്രതിയാണ്. ഈ കേസില്‍ പത്ത് വര്‍ഷം കഠിന തടവിന് ഇയാളെ ശിക്ഷിച്ചിരുന്നു. ഈ കേസില്‍ ജാമ്യത്തിലറങ്ങിയപ്പോഴാണ് പുതിയ കേസില്‍ അറസ്റ്റിലാകുന്നത്. 2021ല്‍ 53കാരിയായ വീട്ടമ്മയെയും ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നു.