ഒരു മാസം നീണ്ട പ്രണയം; ആദ്യ കൂടിക്കാഴ്ചയിൽ തന്നെ യുവാവിന്റെ സ്‌കൂട്ടറുമായി മുങ്ങിയ കാമുകിയും സുഹൃത്തും പിടിയിൽ
യുവാവിനെ പ്രണയക്കുരുക്കിൽപ്പെടുത്തി സ്‌കൂട്ടറുമായി മുങ്ങിയ യുവതിയും ആൺസുഹൃത്തും പിടിയിൽ. കഴിഞ്ഞ വെള്ളിയാഴ്ച കൊച്ചിയിലെ പ്രമുഖ മാളിൽ വെച്ചാണ് യുവാവിന്റെ സ്‌കൂട്ടറുമായി ചോറ്റാനിക്കര സ്വദേശിയായ യുവതി മുങ്ങിയത്. ഒപ്പം ഇവരുടെ ആൺസുഹൃത്തുമുണ്ടായിരുന്നു. ഇരുവരെയും പാലക്കാട് നിന്നാണ് പോലീസ് പിടികൂടിയത്
എറണാകുളം കൈപ്പട്ടൂർ സ്വദേശിയായ 24കാരൻ വാട്‌സാപ്പ് വഴിയാണ് യുവതിയെ പരിചയപ്പെട്ടത്. ഇത് പ്രണയമായി, ഒരു മാസം നീണ്ട പ്രണയത്തിനൊടുവിൽ കാമുകിയെ ആദ്യമായി കാണാനാണ് കൊച്ചിയിലെ മാളിലെത്തിയത്. ഇതിന് മുമ്പ് ഫോട്ടോ പോലും പരസ്പരം ഇവർ പങ്കുവെച്ചിരുന്നില്ല.
നേരിട്ട് കണ്ടപ്പോഴാണ് കാമുകിക്ക് തന്നേക്കാൾ പ്രായമുണ്ടെന്ന് യുവാവിന് തോന്നിയത്. ഇത് ചോദിച്ചപ്പോൾ ഒരേ പ്രായമാണ് എന്ന് പറഞ്ഞ് യുവതി വിശ്വസിപ്പിച്ചു. പിന്നീട് ഫുഡ് കോർട്ടിൽ പോയി യുവാവിന്റെ ചെലവിൽ ബിരിയാണിയും ജ്യൂസും വാങ്ങി കഴിച്ചു. യുവാവ് കൈ കഴുകാനായി പോയ സമയത്ത് മേശപ്പുറത്ത് വെച്ച സ്‌കൂട്ടറിന്റെ ചാവിയുമായി യുവതി കടന്നുകളയുകയും പാർക്കിംഗ് സ്ഥലത്ത് നിന്ന് സ്‌കൂട്ടറുമായി മുങ്ങുകയുമായിരുന്നു
കൈ കഴുകി തിരിച്ചെത്തിയപ്പോഴാണ് യുവാവ് ചതി മനസ്സിലാക്കിയത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. ബസ് ജീവനക്കാരനായ യുവാവ് മൂന്ന് മാസം മുമ്പാണ് ഇഎംഐ ഇട്ട് സ്‌കൂട്ടർ വാങ്ങിയത്. പോലീസ് അന്വേഷണത്തിൽ യുവതിയും ആൺസുഹൃത്തും സ്‌കൂട്ടറുമായി പോകുന്ന ദൃശ്യങ്ങൾ കണ്ടെത്തിയിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്
