ഏറ്റവും മികച്ച ഉദ്യോഗസ്ഥൻ, പിന്നീട് വിവാദങ്ങളുടെ തോഴൻ; എം ശിവശങ്കർ ഇന്ന് വിരമിക്കുന്നു

sivasankar

സംസ്ഥാനത്തെ ഏറ്റവും മികച്ച ഉദ്യോഗസ്ഥനെന്ന് പേരെടുക്കുകയും പിന്നീട് സ്വർണക്കടത്ത് കേസിലെ പ്രതി പട്ടികയിൽ ഉൾപ്പെട്ട് വിവാദ ചുഴിയിൽ പെടുകയും ചെയ്ത മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ എം ശിവശങ്കർ ഇന്ന് സർവീസിൽ നിന്ന് വിരമിക്കുന്നു. യുവജനക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കസേരയിൽ നിന്നാണ് പടിയിറങ്ങുന്നത്. ലൈഫ് മിഷൻ കോഴ ഇടപാടിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ശിവശങ്കറിന് കഴിഞ്ഞ ദിവസമാണ് ഇഡി നോട്ടീസ് നൽകിയത്

മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പദത്തിൽ ഇരിക്കുമ്പോഴാണ് ശിവശങ്കർ സ്വർണക്കടത്ത് വിവാദത്തിൽ പെടുന്നത്. മുഖ്യമന്ത്രിയുടെ വിശ്വസ്തൻ കൂടിയായിരുന്നു അദ്ദേഹം. സർക്കാരിന്റെ സ്വപ്‌ന പദ്ധതികൾക്ക് പിന്നിലെ മാസ്റ്റർ ബ്രെയിനും ശിവശങ്കറായിരുന്നു. വിവാദങ്ങൾ കത്തി നിൽക്കുമ്പോഴും ഒരുപരിധി വരെ ശിവശങ്കറെ സംരക്ഷിക്കുന്ന നിലപാടായിരുന്നു മുഖ്യമന്ത്രി സ്വീകരിച്ചിരുന്നത്. 

സ്വർണക്കടത്ത് കേസിൽ ശിവശങ്കർ അറസ്റ്റിലായതിന് പിന്നാലെയാണ് സർക്കാരിനും വലിയ തിരിച്ചടി കിട്ടിത്തുടങ്ങിയത്. 98 ദിവസമാണ് അദ്ദേഹം ജയിലിൽ കിടന്നത്. ജയിൽ ജീവിതത്തിന്റെ പശ്ചാത്തലത്തിൽ ശിവശങ്കർ എഴുതിയ പുസ്തകമാണ് അശ്വത്ഥാമാവ് വെറും ആന.
 

Share this story