ഫാൻസി കടയിൽ വെച്ച് ഒരു വയസ്സുകാരിയുടെ കൊലുസ് കവർന്നു; മോഷ്ടാവ് സിസിടിവിയിൽ കുടുങ്ങി
Sun, 7 May 2023

തിരുവനന്തപുരം നെടുമങ്ങാട് ഫാൻസി കടയിൽ അമ്മയോടൊപ്പം വന്ന ഒരു വയസ്സുകാരിയുടെ കാലിൽ കിടന്ന സ്വർണക്കൊലുസ് കവർന്നു.
മോഷ്ടാവായ യുവതി കൊലുസ് ഊരിയെടുക്കുന്ന സി.സി.ടി.വി ദൃശ്യം പുറത്തുവന്നിട്ടുണ്ട്. നെടുമങ്ങാട് മാർക്കറ്റ് ജങ്ഷനിലെ ആരാധന ഫാൻസി സ്റ്റോറിലാണ് മോഷണം നടന്നത്.
ശനിയാഴ്ച ഉച്ചക്ക് ശേഷം ഇവിടെയെത്തിയ ചീരാണിക്കര ഇരിഞ്ചയം വിളവിൽ ഹൗസിൽ നാദിയയുടെ മകളുടെ കാലിലെ അരപവൻ വരുന്ന കൊലുസാണ് കവർന്നത്. കടയുടെ പുറത്തിറങ്ങിയപ്പോഴാണ് കുട്ടിയുടെ കാലിൽ കിടന്ന കൊലുസ് നഷ്ടപെട്ടതറിയുന്നത്.
കടയുടമയോട് വിവരം പറയുകയും കടയിലെ സി.സി.ടി.വി കാമറ പരിശോധിച്ചപ്പോഴാണ് കുഞ്ഞിന്റെ കാലിൽ കിടന്ന കൊലുസ് സ്ത്രീ മോഷ്ടിക്കുന്നതായി കണ്ടത്. നെടുമങ്ങാട് പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.