വിവാദങ്ങൾക്കൊടുവിൽ എ. പത്മകുമാറിനെ സിപിഐഎമ്മിൽ നിന്നും പുറത്താക്കി; നടപടി പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗത്തിൽ
പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ പ്രതിയും ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമായ എ. പത്മകുമാറിനെ സിപിഐഎമ്മിൽ നിന്നും പുറത്താക്കി. പത്തനംതിട്ടയിൽ ചേർന്ന അടിയന്തര ജില്ലാ കമ്മിറ്റി യോഗത്തിലാണ് പത്മകുമാറിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കാൻ തീരുമാനിച്ചത്. മുതിർന്ന നേതാക്കളായ തോമസ് ഐസക്, വി. എൻ. വാസവൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു നിർണായക തീരുമാനം.
ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ പ്രതിയായി മൂന്നര മാസത്തോളം ജയിലിൽ കഴിഞ്ഞ പത്മകുമാർ നിലവിൽ ജാമ്യത്തിലാണ്. കേസ് പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് വലിയ രീതിയിൽ മങ്ങലേൽപ്പിച്ച പശ്ചാത്തലത്തിലാണ് കടുത്ത അച്ചടക്ക നടപടിയിലേക്ക് നീങ്ങാൻ പാർട്ടി നേതൃത്വം നിർബന്ധിതമായത്. തിരഞ്ഞെടുപ്പ് കാലത്തുൾപ്പെടെ പ്രതിപക്ഷം ഇത് വലിയ ആയുധമാക്കിയതും അണികൾക്കിടയിലുണ്ടായ അതൃപ്തിയുമാണ് പെട്ടെന്നുള്ള നടപടിക്ക് കാരണമായത്.
അതേസമയം, കഴിഞ്ഞ ദിവസങ്ങളിൽ ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് പത്മകുമാർ നടത്തിയ വെളിപ്പെടുത്തലുകൾ പാർട്ടിയിൽ വലിയ കൊടുങ്കാറ്റ് സൃഷ്ടിച്ചിരുന്നു. യുവതികൾ പ്രവേശിച്ച ദിവസം തന്നേയും അന്നത്തെ എഡിജിപി എസ്. ശ്രീജിത്തിനേയും ബോധപൂർവം സന്നിധാനത്തുനിന്ന് മാറ്റിനിർത്തിയതാണെന്നും, ഇതിന് പിന്നിൽ പാർട്ടിയിലെയും സർക്കാരിലെയും ഒരു 'ഉന്നതൻ' ആണെന്നുമായിരുന്നു പത്മകുമാറിന്റെ ആരോപണം. കൂടാതെ ശബരിമല മേൽശാന്തി നിയമനത്തിൽ മന്ത്രി കത്തുനൽകി ഇടപെട്ടതായും അദ്ദേഹം സുഹൃത്തുക്കളോട് വെളിപ്പെടുത്തിയിരുന്നു.
ഈ ആരോപണങ്ങൾ പൂർണ്ണമായും തള്ളിയ പാർട്ടി സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ, പത്മകുമാറിന്റെ പ്രസ്താവനകൾക്ക് മറുപടി നൽകേണ്ട ബാധ്യത പാർട്ടിക്കില്ലെന്നും നടപടിയെടുക്കാൻ പത്തനംതിട്ട ജില്ലാ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും വ്യക്തമാക്കിയിരുന്നു. തൊട്ടുപിന്നാലെയാണ് ഇപ്പോൾ പത്മകുമാറിനെ പാർട്ടിയുടെ പുറത്താക്കിക്കൊണ്ടുള്ള ഔദ്യോഗിക തീരുമാനം പുറത്തുവരുന്നത്.
