എ. പത്മകുമാർ സി.പി.എമ്മിന് പുറത്തേക്ക്; നിർണായക ജില്ലാ കമ്മിറ്റി യോഗം നാളെ: പുറത്താക്കാൻ സാധ്യതയെന്ന് സൂചന
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും മുതിർന്ന നേതാവുമായ എ. പത്മകുമാറിനെതിരെ കടുത്ത അച്ചടക്ക നടപടിക്ക് സി.പി.എം ഒരുങ്ങുന്നു. പത്മകുമാറിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കുന്നത് അടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യാനായി നിർണായകമായ സി.പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം നാളെ ചേരും.
തിരഞ്ഞെടുപ്പ് പരാജയത്തിന്റെ അവലോകന റിപ്പോർട്ടിൽ ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട ആരോപണങ്ങൾ സംസ്ഥാന നേതൃത്വം ആദ്യം മയപ്പെടുത്തിയിരുന്നെങ്കിലും, നടപടിയില്ലാതെ മുന്നോട്ട് പോകാനാകില്ലെന്ന് സംസ്ഥാന കമ്മിറ്റിയിൽ കടുത്ത നിലപാടുണ്ടായതോടെയാണ് സി.പി.എം തിരുത്തലിന് തയാറായത്. ഇതിനെത്തുടർന്ന് പത്മകുമാറിനെതിരെ സ്വീകരിക്കേണ്ട സംഘടനാ നടപടികൾ തീരുമാനിക്കാൻ സംസ്ഥാന നേതൃത്വം പത്തനംതിട്ട ജില്ലാ കമ്മിറ്റിയെ ചുമതലപ്പെടുത്തുകയായിരുന്നു.
നിലവിൽ ജില്ലാ കമ്മിറ്റി അംഗമായ പത്മകുമാർ കഴിഞ്ഞ ആഴ്ചയാണ് പാർട്ടി അംഗത്വം പുതുക്കിയത്. കേസിനെത്തുടർന്ന് അദ്ദേഹത്തെ പാർട്ടി പരിപാടികളിൽ നിന്ന് നേരത്തെ തന്നെ മാറ്റിനിർത്തിയിരുന്നു. പത്തനംതിട്ട ജില്ലാ കമ്മിറ്റി രൂപീകൃതമായതു മുതൽ അതിൽ അംഗമായ ഏറ്റവും മുതിർന്ന നേതാക്കളിൽ ഒരാൾക്കെതിരെയാണ് നാളെ പാർട്ടി അച്ചടക്ക നടപടി പ്രഖ്യാപിക്കാൻ പോകുന്നത്.
അതിനിടെ, നാളെ ജില്ലാ കമ്മിറ്റി യോഗം ചേരാനിരിക്കെ ശബരിമല യുവതീപ്രവേശന ദിവസവുമായി ബന്ധപ്പെട്ട് പത്മകുമാർ നടത്തിയ വെളിപ്പെടുത്തലുകൾ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവച്ചിട്ടുണ്ട്. യുവതീപ്രവേശന ദിവസം തന്നെയും എ.ഡി.ജി.പി ശ്രീജിത്തിനെയും ബോധപൂർവം സന്നിധാനത്തുനിന്ന് മാറ്റി നിർത്തിയതാണെന്നും, ഇതിന് പിന്നിൽ പാർട്ടിയിലും ഭരണനേതൃത്വത്തിലും സ്വാധീനമുള്ള ഉന്നതനാണെന്നുമാണ് പത്മകുമാറിന്റെ ആരോപണം. എന്നാൽ, പത്മകുമാർ പാർട്ടി നടപടി നേരിടുന്ന ആളാണെന്നും അദ്ദേഹത്തിന്റെ വെളിപ്പെടുത്തലുകൾക്ക് മറുപടി പറയേണ്ട കാര്യമില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ നാളത്തെ ജില്ലാ കമ്മിറ്റി യോഗം രാഷ്ട്രീയ കേന്ദ്രങ്ങൾ ഏറെ ഉറ്റുനോക്കുകയാണ്.
