കണ്ണൂർ കണ്ണപുരത്ത് റേഡിയോ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു
Wed, 10 May 2023

കണ്ണൂർ കണ്ണപുരം യോഗശാലക്ക് സമീപത്ത് റേഡിയോ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. ബാങ്ക് ജീവനക്കാരൻ എലിയൻ രാജേഷിന്റെ വീട്ടിലാണ് സംഭവം. കുടുംബവുമായി പുറത്തുപോയി തിരിച്ചെത്തിയപ്പോഴാണ് തീപിടിച്ചതായി കാണുന്നത്. ഉടനെ രാജേഷും നാട്ടുകാരും ചേർന്ന് തീയണക്കുകയായിരുന്നു
വൈദ്യുതിയിൽ പ്രവർത്തിക്കുന്ന റേഡിയോ ആണ് പൊട്ടിത്തെറിച്ചത്. അമിത വൈദ്യുത പ്രവാഹമാണ് തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു. ബാങ്കിലേക്ക് കളക്ഷനായി എടുത്തുവെച്ച 18,500 രൂപയും നിരവധി രേഖകളും രാജേഷിന്റെ മകൾക്ക് ലഭിച്ച മെഡലുകളും ട്രോഫികളുമൊക്കെ കത്തിനശിച്ചു. സമീപത്തെ നിരവധി വീടുകളിലെ ഇലക്ട്രോണിക് ഉപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.