ഓരോ സ്ക്രീൻഷോട്ടിനും 50 രൂപ പ്രതിഫലം; ഓൺലൈൻ ജോലി തട്ടിപ്പിലൂടെ യുവതിക്ക് നഷ്ടമായത് ലക്ഷങ്ങൾ

Cyber Crime

തിരുവനന്തപുരം: ഓൺലൈൻ ജോലി തട്ടിപ്പിലൂടെ യുവതിയിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി. വട്ടിയൂർക്കാവ് സ്വദേശിനിയാണ് തട്ടിപ്പിന് ഇരയായത്. സംഭവത്തിൽ സൈബർ ക്രൈം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതിയിൽ നിന്നും വിവിധ ഘട്ടങ്ങളിലായി 3.5 ലക്ഷം രൂപയാണ് തട്ടിപ്പ് സംഘം കൈക്കലാക്കിയത്. ഓൺലൈനിൽ കണ്ട പരസ്യത്തിനോടൊപ്പമുള്ള വെബ്സൈറ്റ് സന്ദർശിച്ചതോടെയാണ് തട്ടിപ്പിന്റെ തുടക്കം. തുടർന്ന് മൊബൈലിൽ ജോലിയുമായി ബന്ധപ്പെട്ടുള്ള സന്ദേശങ്ങളും ലഭിക്കാൻ തുടങ്ങി.

ഷെയർ ചാറ്റ് വീഡിയോകൾ മറ്റുള്ളവർക്ക് അയച്ചുകൊടുത്ത് അതിന്റെ സ്ക്രീൻഷോട്ടുകൾ പങ്കുവയ്ക്കാനാണ് യുവതിയോട് ആവശ്യപ്പെട്ടത്. ഇത്തരത്തിൽ അയക്കുന്ന ഓരോ സ്ക്രീൻഷോട്ടിനും 50 രൂപ വരെയാണ് പ്രതിഫലം. ഒരു ദിവസം പരമാവധി 5000 രൂപ വരെ പ്രതിഫലം നൽകി, യുവതിയുടെ വിശ്വാസം നേടിയെടുത്ത ശേഷമാണ് യഥാർത്ഥ തട്ടിപ്പിന് തുടക്കമിടുന്നത്.

വളരെ കുറഞ്ഞ ദിവസത്തിനുള്ളിൽ കൂടുതൽ പ്രതിഫലം നേടാൻ ഒരു ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകാനാണ് തട്ടിപ്പ് സംഘം ആവശ്യപ്പെട്ടത്. തുടർന്ന്, ഫോണിലേക്ക് ചില ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാൻ നിർദ്ദേശിക്കുകയായിരുന്നു. തട്ടിപ്പ് സംഘത്തിന്റെ ആവശ്യ പ്രകാരം യുവതി ഓൺലൈനിൽ പണം നിക്ഷേപിക്കാൻ തുടങ്ങി. തുടർന്ന് ദിവസങ്ങൾക്കകം പണം ഇരട്ടിച്ചെന്ന തരത്തിൽ സന്ദേശങ്ങളും യുവതിയുടെ ഫോണിലേക്ക് എത്തുകയായിരുന്നു. എന്നാൽ, പണം പിൻവലിക്കാൻ കഴിയാതെ വന്നതോടെയാണ് തട്ടിപ്പിന് ഇരയായ വിവരം മനസ്സിലാക്കുന്നത്.

Share this story