മാറ്റത്തിന്റെ സൂചന: ബിജെപിയെ സഹായിക്കുമെന്ന ബിഷപ് പാംപ്ലാനിയുടെ പ്രസ്താവനയിൽ സുരേന്ദ്രൻ

K Surendran

തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനയിൽ പ്രതികരിച്ച് ബിജെപി. മാറ്റത്തിന്റെ സൂചനയാണെന്നാണ് ബിജെപിയുടെ പ്രതികരണം. ബിഷപ്പിന്റെ പ്രസ്താവന പരിഗണിക്കപ്പെടേണ്ട വിഷയം തന്നെയാണ്. കേരളത്തിലെ റബ്ബർ കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാനാവശ്യമായ ഇടപെടൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകാത്ത സാഹചര്യത്തിൽ കേന്ദ്രത്തിന് ഇക്കാര്യത്തിൽ എന്ത് ചെയ്യാനാകുമെന്ന അന്വേഷണത്തിലേക്കാണ് പ്രസ്താവന ചൂണ്ടിക്കാട്ടുന്നതെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു.


ഞങ്ങൾ ഇക്കാര്യത്തിൽ എല്ലാ കർഷക പ്രതിനിധികളുമായും ചർച്ച നടത്തി കേന്ദ്ര സർക്കാരിനെ സമീപിക്കും. കേരളത്തിലെ എല്ലാ ജനവിഭാഗങ്ങളുടെയും അത്താണിയായി ഇനി നരേന്ദ്രമോദി സർക്കാർ മാത്രമേയുള്ളൂവെന്നതാണ് സത്യം. അതിന്റെ ഭാഗമായി മോദി സർക്കാരിനെ പിന്തുണക്കുന്ന ഒരു ഡബിൾ എഞ്ചിൻ സർക്കാർ കേരളത്തിലും വരേണ്ടതുണ്ട്. അതിന് എല്ലാവരും പിന്തുണക്കണം. കേരളത്തിലെ മതസാമുദായിക വിഭാഗങ്ങൾ അവരുടെ അഭിപ്രായം തുറന്ന് പറയുമ്പോൾ അവർ എത്രമാത്രം അസ്വസ്ഥരാകുന്നുണ്ട് എന്നതിന് തെളിവാണ് പിതാവിന്റെ പ്രസ്താവനയോടുള്ള എംവി ഗോവിന്ദന്റെ പ്രതികരണം. 

കർഷകർക്ക് വേണ്ടി ഒരു ചെറുവിരൽ അനക്കുമെന്നായിരുന്നു അദ്ദേഹം പറയേണ്ടിയിരുന്നത്. മാറ്റത്തിന്റെ സൂചനയാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യം വ്യക്തമായി പറഞ്ഞിട്ടുണ്ട്.
 

Share this story