ആറ് മാസമായ കുഞ്ഞ് ചികിത്സ കിട്ടാതെ മരിച്ചു; ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ പിരിച്ചുവിട്ടു

Baby

വയനാട്ടിൽ ചികിത്സ കിട്ടാതെ ആദിവാസി ദമ്പതികളുടെ ആറ് മാസം പ്രായമായ കുഞ്ഞ് മരിച്ച സംഭവത്തിൽ നടപടി. കുഞ്ഞ് ചികിത്സ തേടിയപ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന മാനന്തവാടി മെഡിക്കൽ കോളജിലെ താത്കാലിക ഡോക്ടറെ പിരിച്ചുവിട്ടു. കുട്ടിയ്ക്ക് ചികിത്സ നൽകുന്നതിൽ ഡോക്ടർക്ക് വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. മാർച്ച് 22-ന് പുലർച്ചെയാണ് കാരാട്ടുകുന്ന് ആദിവാസി കോളനിയിലെ ബിനീഷ്-ലീല ദമ്പതികളുടെ കുഞ്ഞ് മരിച്ചത്‌.

കടുത്ത അനീമിയയും, പോഷകാഹാരക്കുറവും അതോടൊപ്പമുണ്ടായ കഫക്കെട്ടുമാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. പ്രസവ ശേഷം കുട്ടിയെ സന്ദർശിച്ച് പരിചരിക്കേണ്ട കാരക്കാമല സബ് സെൻറർ ജീവനക്കാർക്കും, ഐസിഡിഎസ് അംഗങ്ങൾക്കും വീഴ്ച സംഭവിച്ചതായി ആരോഗ്യ വകുപ്പിന് വ്യക്തമായിരുന്നു. മാനന്തവാടി മെഡിക്കൽ കോളേജിലെത്തിച്ച കുഞ്ഞിന് കുഴപ്പമൊന്നുമില്ലെന്നും, പിന്നീട് ശിശുരോഗ വിദഗ്ധനെ കാണിച്ചാൽ മതിയെന്നും പറഞ്ഞ് തിരിച്ചയച്ച ഡോക്ടറും അനാസ്ഥ കാട്ടുകയായിരുന്നു.

Share this story