തൃശ്ശൂരിൽ അതിഥി തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ വെട്ടേറ്റ ആറ് വയസ്സുകാരൻ മരിച്ചു

police line

തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ വെട്ടേറ്റ ആറ് വയസ്സുകാരൻ മരിച്ചു. അതിഥി തൊഴിലാളിയുടെ മകനായ നാജുർ ഇസ്ലാമാണ് മരിച്ചത്. കുട്ടിയുടെ അമ്മ ജസ്ലക്കും വെട്ടേറ്റ് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. മുപ്ലിയത്ത് വരമ്പരപ്പള്ളിയിൽ ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം.

വാക്കേറ്റത്തിൽ തുടങ്ങിയത് കയ്യാങ്കളിയിലും പിന്നീട് ആയുധമുപയോഗിച്ചുള്ള ആക്രമണത്തിലേക്കും കലാശിക്കുകയായിരുന്നു. ഇതിനിടെയാണ് സമീപത്ത് നിന്ന കുട്ടിക്ക് വെട്ടേറ്റത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെയോടെ കുട്ടി മരിക്കുകയായിരുന്നു. അക്രമിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
 

Share this story