അമ്മയിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ പ്രത്യേക കോടതി വേണ്ട സാഹചര്യം; ഹൈക്കോടതി
കൊച്ചി: അമ്മയിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ പ്രത്യേക കോടതി വേണ്ട സാഹചര്യമാണെന്ന് ഹൈകോടതിയുടെ രൂക്ഷ വിമർശനം. നടി ലക്ഷ്മിപ്രിയ നല്‍കിയ ഹരജി പരിഗണിക്കവെയാണ് വിമര്‍ശനം. പാവപ്പെട്ടവരുടെ പ്രശ്‌നങ്ങൾ ഉള്ളപ്പോള്‍ ഇവരുടെ പ്രശ്‌നം തീര്‍ക്കാനെ സമയമുള്ളൂവെന്നും കോടതി വിമർശിച്ചു. നടി ലക്ഷ്മിപ്രിയ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് വിമര്‍ശനം. അന്‍സിബ ഹസനെ പൊലീസ് സ്റ്റേഷനില്‍ വച്ച് ഭീഷണിപ്പെടുത്തിയെന്ന കേസ് റദ്ദാക്കണമെന്നാണ് ലക്ഷ്മിപ്രിയയുടെ ആവശ്യം.
നടി ലക്ഷ്മി പ്രിയക്കെതിരെ നടി അൻസിബ നൽകിയ പരാതിയിൽ പാലാരിവട്ടം പൊലീസ് കേസെടുത്തിരുന്നു. എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശപ്രകാരമായിരുന്നു പൊലീസിന്റെ നടപടി. അൻസിബയുടെ പരാതിയിൽ സ്ത്രീത്വത്തെ അപമാനിച്ചെന്ന വകുപ്പ് ചേർത്താണ് കോടതിയിൽ റിപ്പോർട്ട് നൽകിയതെന്നും ആദ്യ എഫ്ഐആറിൽ നിന്ന് ഇത് ഒഴിവായത് ക്ലറിക്കൽ പിഴവാണെന്നുമായിരുന്നു പൊലീസിന്റെ വിശദീകരണം.
സ്ത്രീത്വത്തെ അപമാനിച്ചെന്ന വകുപ്പ് ഒഴിവാക്കിയെന്ന് കാണിച്ച് അൻസിബ കോടതിയെ സമീപിക്കാനിരിക്കെയായിരുന്നു പൊലീസിന്റെ വിശദീകരണം. യൂട്യൂബ് ചാനലുകളിലൂടെയും മറ്റ് സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിലൂടെയും ലക്ഷ്മി പ്രിയ തനിക്കെതിരെ അപകീർത്തികരവും മോശവുമായ പരാമർശങ്ങൾ നടത്തിയെന്നാണ് അൻസിബയുടെ പരാതി. സമൂഹമാധ്യമങ്ങളിലൂടെയും അഭിമുഖങ്ങളിലൂടെയും വ്യക്തിഹത്യ നടത്തുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തതായും പരാതിയിൽ ആരോപിക്കുന്നു.
ലക്ഷ്മി പ്രിയയുടെ പരാമർശങ്ങൾ തന്റെ വ്യക്തിജീവിതത്തെയും കരിയറിനെയും പ്രതികൂലമായി ബാധിക്കുകയും മാനഹാനിക്ക് കാരണമാവുകയും ചെയ്തതായി അൻസിബ പരാതിയിൽ വ്യക്തമാക്കുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിതയിലെയും ഐ.ടി. ആക്ടിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട ഡിജിറ്റൽ തെളിവുകൾ ശേഖരിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.
