ഡോക്ടറുടെ കൊലപാതകത്തിൽ സമഗ്ര അന്വേഷണം നടത്തും; ശക്തമായ നടപടിയെന്നും മുഖ്യമന്ത്രി
May 10, 2023, 12:37 IST

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വനിതാ ഡോക്ടർ ഡ്യൂട്ടിക്കിടെ കുത്തേറ്റ് മരിച്ച സംഭവത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തുമെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഞെട്ടിക്കുന്നതും അത്യധികം വേദനാജനകവുമായ സംഭവമാണ് നടന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു
ചികിത്സക്കായി എത്തിച്ച വ്യക്തിയാണ് ഡോക്ടറെ ആക്രമിച്ചത്. അക്രമം തടയാൻ ശ്രമിച്ച പോലീസുദ്യോഗസ്ഥർക്കും മറ്റുള്ളവർക്കും കുത്തേറ്റിട്ടുണ്ട്. ഡ്യൂട്ടിക്കിടയിൽ ആരോഗ്യപ്രവർത്തകർ ആക്രമിക്കപ്പെടുന്നത് അംഗീകരിക്കാനാകില്ല. സംഭവത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. വന്ദനാ ദാസിന്റെ കുടുംബത്തിന്റെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു