ആത്മഹത്യക്ക് ശ്രമിച്ച യുവതിക്ക് നേരെ ആംബുലൻസിൽ ലൈംഗികാതിക്രമം; ആശുപത്രി ജീവനക്കാരൻ പിടിയിൽ

Police

തൃശ്ശൂർ കൊടുങ്ങല്ലൂരിൽ ആത്മഹത്യാശ്രമം നടത്തിയ യുവതിക്ക് നേരെ ലൈംഗികാതിക്രമം. ആംബുലൻസിൽ വെച്ചും ആശുപത്രിയിൽ വെച്ചും യുവതിക്ക് നേരെ ലൈംഗികാതിക്രമമുണ്ടായി. ആശുപത്രി ജീവനക്കരനായ ദയാലാലാണ് ലൈംഗികാതിക്രമം നടത്തിയത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. 

കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലാണ് കയ്പമംഗലം സ്വദേശിയായ യുവതി ചികിത്സക്കെത്തുന്നത്. വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച പെൺകുട്ടിയുടെ കൂടെ ബന്ധുക്കളാരുമുണ്ടായിരുന്നില്ല. ഇത് മനസ്സിലാക്കിയാണ് ഇലക്ട്രിക് വിഭാഗത്തിലെ ജീവനക്കാരനായ ദയാലാൽ യുവതിയെ മെഡിക്കൽ കോളജിലേക്ക് മാറ്റുന്നതിനായി ആംബുലൻസിൽ കയറ്റിയപ്പോൾ ഒപ്പം കയറിയത്

അർധ അബോധാവസ്ഥയിലുള്ള യുവതിയെ ഇയാൾ ആംബുലൻസിൽ വെച്ച് പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് മെഡിക്കൽ കോളജിലെത്തിയ ശേഷവും ലൈംഗികാതിക്രമമുണ്ടായി. പെൺകുട്ടിയുടെ ബന്ധു എന്ന നിലയിലാണ് ഇയാൾ ആശുപത്രിയിൽ പെരുമാറിയത്. ബോധം തിരികെ ലഭിച്ച യുവതി മറ്റ് രോഗികളുടെ ബന്ധുക്കളോടും നഴ്‌സിനോടും പീഡനം നടന്ന വിവരം അറിയിക്കുകയായിരുന്നു. ഇതോടെ ദയാലാൽ ഇവിടെ നിന്നും മുങ്ങി. എന്നാൽ കൊടുങ്ങല്ലൂർ പോലീസ് ഇയാളെ അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു.
 

Share this story