കോഴിക്കോട് ട്രെയിനിൽ നിന്നുവീണ് മരിച്ച യുവാവിന്റേത് കൊലപാതകം; സഹയാത്രികൻ പിടിയിൽ

train

കോഴിക്കോട് ട്രെയിനിൽ നിന്നുവീണ് മരിച്ച യുവാവിന്റേത് കൊലപാതകം; സഹയാത്രികൻ പിടിയിൽ
കോഴിക്കോട് ട്രെയിനിൽ നിന്ന് വീണുമരിച്ച നിലയിൽ കണ്ടെത്തിയ 25കാരന്റേത് കൊലപാതകം. സഹയാത്രികനായ തമിഴ്‌നാട് ശിവഗംഗ സ്വദേശി സോനമുത്തുവിനെ പോലീസ് അറസ്റ്റ് ചെയ്തു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഞായറാഴ്ച രാത്രി 11.30ഓടെ ആനക്കുളം റെയിൽവേ ഗേറ്റിന് സമീപത്താണ് 25 വയസ്സ് തോന്നിക്കുന്ന യുവാവിനെ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്

മലബാർ എക്‌സ്പ്രസിൽ കാഞ്ഞങ്ങാട് നിന്നും ഷൊർണൂരിലേക്ക് യാത്ര ചെയ്യുകയായിരുന്നു പ്രതിയും മരിച്ചയാളും. ഇരുവരും വാതിലിന് സമീപത്ത് ഇരിക്കുകയായിരുന്നു. ഇവർ തമ്മിൽ വാക്കുതർക്കത്തിൽ ഏർപ്പെടുന്നത് മറ്റ് യാത്രക്കാരിൽ ചിലർ മൊബൈലിൽ പകർത്തിയിരുന്നു

കൊയിലാണ്ടിക്കടുത്ത് മൂടാടി ആനക്കുളം ഭാഗത്ത് ട്രെയിൻ എത്തിയപ്പോൾ സോനമുത്തു യുവാവിനെ പുറത്തേക്ക് തള്ളിയിടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന യാത്രക്കാർ വിവരം കോഴിക്കോട് റെയിൽവേ പോലീസിനെ അറിയിച്ചു. തുടർന്ന് കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ നിന്ന് പ്രതിയെ പിടികൂടി. യുവാവിന്റെ മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
 

Share this story