അഭിമന്യു വധക്കേസിലെ രേഖകൾ നഷ്ടപ്പെട്ട സംഭവം; ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ അന്വേഷിക്കും

അഭിമന്യു വധക്കേസിലെ സുപ്രധാന രേഖകൾ നഷ്ടപ്പെട്ട സംഭവത്തിൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ അന്വേഷണം നടത്തും. എസ് എഫ് ഐ നേതാവായിരുന്ന അഭിമന്യു കൊല്ലപ്പെട്ട് അഞ്ചര വർഷം കഴിഞ്ഞിട്ടും വിചാരണ ആരംഭിച്ചിട്ടില്ല. ഇതിനിടെയാണ് കേസിലെ കുറ്റപത്രം അടക്കമുള്ള സുപ്രധാന രേഖകൾ കാണാനില്ലെന്ന വാർത്ത വരുന്നത്.

സെൻട്രൽ പോലീസ് സമർപ്പിച്ച കുറ്റപത്രം, പോസ്റ്റുമോർട്ടം റിപ്പോർട്ട്, മജിസ്‌ട്രേറ്റിന് നൽകിയ മൊഴികൾ അടക്കമുള്ള 11 നിർണായക രേഖകളാണ് എറണാകുളം സെഷൻസ് കോടതിയിൽ നിന്നും കാണാതായിരിക്കുന്നത്. ഇത് വാർത്തയായതോടെയാണ് അന്വേഷണം നടത്താൻ ഡിജിപിക്ക് നിർദേശം നൽകിയത്

വിചാരണ നടക്കാനിരിക്കെ രേഖകൾ കാണാതെ പോയതിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും അഭിമന്യുവിന്റെ സഹോദരൻ പരിജിത്ത് ആവശ്യപ്പെട്ടിരുന്നു. രേഖകൾ നഷ്ടപ്പെട്ടതിൽ അട്ടിമറി നടന്നുവെന്ന് കെ എസ് യുവും ആരോപിച്ചിരുന്നു.
 

Share this story