പാമ്പാടിയില്‍ രണ്ട് യുവതികളുടെ മരണത്തിനിടയാക്കിയ അപകടം; ബസ് ഡ്രൈവര്‍ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു
കോട്ടയം: പാമ്പാടിയില്‍ രണ്ട് യുവതികളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ ബസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് പോലീസ്. കുമളി-കോട്ടയം റൂട്ടില്‍ സര്‍വീസ് നടത്തുന്ന സി എം എസ് ബസിന്റെ ഡ്രൈവര്‍ക്കെതിരെയാണ് പാമ്പാടി പോലീസ് കേസെടുത്തത്. റോഡിലിറങ്ങി അലക്ഷ്യമായി നിന്നവരും അപകടത്തിന് ഉത്തരവാദികളാണെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. ഇവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.
കഴിഞ്ഞ ബുധനാഴ്ച രാവിലെ 8.40ഓടെ കെ കെ റോഡിലെ പതിമൂന്നാം മൈലിലായിരുന്നു അപകടം. പാമ്പാടിയില്‍നിന്ന് പുളിക്കല്‍ കവലയിലേക്ക് പോവുകയായിരുന്ന മീനടം സ്വദേശികളായ ആഷ്‌ലിയും കൃപയും സഞ്ചരിച്ച സ്‌കൂട്ടറാണ് അപകടത്തില്‍പ്പെട്ടത്. ഇരുവരും അപകടത്തില്‍ തല്‍ക്ഷണം മരിച്ചു.
റോഡിലിറങ്ങി നിന്ന് സംസാരിച്ചിരുന്ന രണ്ടുപേരെ ഇടിക്കാതിരിക്കാന്‍ മുന്നില്‍ പോയ കാര്‍ പെട്ടെന്ന് ബ്രേക്ക് ചെയ്തതോടെയാണ് അപകടങ്ങളുടെ തുടര്‍ച്ചയുണ്ടായത്. പിന്നാലെ വന്ന സ്‌കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് എതിര്‍ദിശയില്‍ എത്തിയ കുമളി-കോട്ടയം റൂട്ടിലെ സിഎംഎസ് ബസിനടിയിലേക്ക് യുവതികള്‍ വീഴുകയായിരുന്നു. ബസിന്റെ ടയര്‍ ശരീരത്തിലൂടെ കയറിയിറങ്ങിയതോടെ ഇരുവരും മരിച്ചു.
അപകടത്തിന്റെ പശ്ചാത്തലത്തില്‍ റോഡില്‍ അലക്ഷ്യമായി നില്‍ക്കുന്നതിന്റെ അപകടസാധ്യത ചൂണ്ടിക്കാട്ടി മോട്ടോര്‍ വാഹന വകുപ്പ് സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ‘സൊറ പറയാനുള്ള ഇടമല്ല റോഡ്’ എന്ന മുന്നറിയിപ്പോടെയാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.
