നടിയെ ആക്രമിച്ച കേസിൽ ഒന്ന് മുതൽ 6 വരെയുള്ള പ്രതികൾ കുറ്റക്കാർ; ദിലീപിനെ വെറുതെവിട്ടു
രാജ്യം ഉറ്റുനോക്കിയിരുന്ന നടിയെ ആക്രമിച്ച കേസിൽ വിധി പറഞ്ഞു. കേസിലെ പത്ത് പ്രതികളിൽ ആദ്യ ആറ് പ്രതികളെ കോടതി കുറ്റക്കാരായി കണ്ടെത്തി. പൾസർ സുനിയടക്കമുള്ള പ്രതികൾക്കെതിരെ കൂട്ടബലാത്സംഗം അടക്കമുള്ള കുറ്റങ്ങൾ തെളിഞ്ഞു. അതേസമയം എട്ടാം പ്രതിയായ ദിലീപിനെ കോടതി വെറുതെവിട്ടു.
എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസിൽ വിധി പറഞ്ഞത്. കേസിലെ എട്ടാം പ്രതിയായ ദിലീപ് അടക്കം എല്ലാം പ്രതികളും കോടതിയിൽ നേരത്തെ ഹാജരായിരുന്നു. ദിലീപ് ആദ്യം തന്റെ അഭിഭാഷകനായ അഡ്വ. രാമൻ പിള്ളയുടെ ഓഫീസിലാണ് ആദ്യമെത്തിയത്. പിന്നീട് അഭിഭാഷകർക്കൊപ്പം കോടതിയിലേക്ക് പോകുകയായിരുന്നു.
കേസിൽ പൾസർ സുനിയാണ് ഒന്നാം പ്രതി. പൾസർ സുനി, മാർട്ടിൻ ആന്റണി, മണികണ്ഠൻ, വിജീഷ് സിപി, സലീം, പ്രദീപ്, ചാർളി തോമസ്, ദിലീപ്, സനൽകുമാർ, ശരത് ജി നായർ എന്നിവരാണ് കേസിലെ പ്രതികൾ. സംഭവം നടന്ന് 3215 ദിവസങ്ങൾക്ക് ശേഷമാണ് കേസിൽ വിധി പറയുന്നത്.
ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾക്കെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിഞ്ഞതായി കോടതി ചൂണ്ടിക്കാട്ടി. എന്നാൽ ദിലീപിനെതിരെ ഗൂഢാലോചന കുറ്റം ചുമത്താനായില്ലെന്ന് കോടതി വിധിയിൽ പറഞ്ഞു.
