കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും രക്ഷപ്പെട്ട കൊലക്കേസ് പ്രതി പിടിയിൽ

poonam

കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും ചാടിപ്പോയ കൊലക്കേസ് പ്രതി പിടിയിൽ മലപ്പുറം വേങ്ങര സഞ്ജിത്ത് പാസ്വാൻ വധക്കേസ് പ്രതിയും സഞ്ജിത്തിന്റെ ഭാര്യയുമായിരുന്ന പൂനം ദേവിയാണ് കടന്നുകളഞ്ഞത്. കുതിരവട്ടത്ത് നിന്നും ഇവർ നേരെ വേങ്ങരയിലേക്കാണ് എത്തിയത്. ഇവരെ കണ്ട ആളുകൾ പോലീസിൽ വിവരം അറിയിക്കുകയും പോലീസെത്തി പിടികൂടുകയുമായിരുന്നു

ബിഹാർ വൈശാലി സ്വദേശിയാണ് പൂനം ദേവി. മറ്റ് അന്തേവാസികളുടെ സഹായത്തോടെയാണ് ഇവർ കുതിരവട്ടത്ത് നിന്ന് രക്ഷപ്പെട്ടത്. ശൗചാലയത്തിലെ വെന്റിലേറ്റർ ഇളക്കിമാറ്റിയാണ് ഇവർ കടന്നുകളഞ്ഞത്. രാവിലെ ഏഴരയോടെ കോഴിക്കോട് നിന്ന് വേങ്ങരയിലേക്ക് ബസ് കയറിയ ഇവരെ വേങ്ങര ബസ് സ്റ്റാൻഡിൽ വെച്ചാണ് പോലീസ് പിടികൂടിയത്

ജനുവരി 31നാണ് ഉറങ്ങുന്നതിനിടെ ഭർത്താവ് സഞ്ജിത്ത് പാസ്വാനെ പൂനം ദേവി സാരി കഴുത്തിൽ കുരുക്കി കൊലപ്പെടുത്തിയത്. പൂനം ദേവിക്ക് മറ്റൊരു യുവാവുമായി ബന്ധമുണ്ടായിരുന്നു. ഇയാളുമൊന്നിച്ച് ജീവിക്കുന്നതിന് വേണ്ടിയാണ് കൊലപാതകം നടത്തിയത്. കടുത്ത മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്നാണ് ഇവരെ ജയിലിൽ നിന്നും കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്.
 

Share this story