ആസിഡ് ഒഴിച്ച് സഹോദര പുത്രനെ കൊലപ്പെടുത്തിയ സംഭവം; ചികിത്സയിലായിരുന്ന പ്രതി തങ്കമ്മയും മരിച്ചു
ഇടുക്കിയിൽ ആസിഡ് ഒഴിച്ച് സഹോദപുത്രനെ കൊലപ്പെടുത്തിയ സംഭവത്തിൽ പരുക്കേറ്റ പ്രതിയും മരിച്ചു. ആസിഡ് ആക്രമണത്തിനിടെ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കേസിലെ പ്രതിയും ഏറ്റുമാനൂർ കാട്ടാച്ചിറ സ്വദേശിനിയുമായ തങ്കമ്മ(82)യാണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം.
ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ തങ്കമ്മയെ ആദ്യം ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മരണം. സഹോദരപുത്രനായ സുകുമാരനെയായിരുന്നു തങ്കമ്മ സാമ്പത്തിക തർക്കങ്ങള തുടർന്ന് കൊലപ്പെടുത്തിയത്.
ഒക്ടോബർ 25ന് വൈകിട്ടായിരുന്നു സംഭവം നടന്നത്. തങ്കമ്മയുടെ സ്വർണം പണയംവെച്ചതുമായി ബന്ധപ്പെട്ട് ഇരുവരും തർക്കമുണ്ടായി. ഇതിന് പിന്നാലെ സോഫയിൽ കിടക്കുകയായിരുന്ന സുകുമാരന്റെ മുഖത്ത് പിന്നിലൂടെ എത്തി തങ്കമ്മ ആസിഡ് ഒഴിക്കുകയായിരുന്നു.
