കെഎസ്ആർടിസി ജീവനക്കാർക്കെതിരേ വീണ്ടും നടപടി; 40 പേരുടെ ജോലി പോയി: 97 പേർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: കെഎസ്ആർടിസിൽ മദ്യപിച്ച് ജോലി ചെയ്ത ജീവനക്കാർക്കെതിരേ വീണ്ടും നടപടി. 97 ജീവനക്കാരെ സസ്പെൻഡ് ചെയ്യുകയും 40 ഓളം ജീവനക്കാരെ പിരിച്ചു വിടുകയും ചെയ്തു. മദ്യപിച്ച് ഡ്യൂട്ടിക്ക് വന്നതിനും ഡ്യൂട്ടിക്കിടയിൽ മദ്യം സൂക്ഷിച്ചതിനുമാണ് ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.

കെഎസ്ആർടിസിയിലെ 97 സ്ഥിരം ജീവനക്കാരെ സസ്പെൻഡ് ചെയ്യുകയും സ്വിഫ്റ്റിലെ താൽക്കാലിക ജീവനക്കാരെയും കെഎസ്ആർടിസിയിലെ ബദൽ ജീവനക്കാരായ 26 ജീവനക്കാരെയും സർവീസിൽ നിന്നും നീക്കം ചെയ്യുകയും ചെയ്തു.

ഡ്യൂട്ടിക്കെത്തുന്ന വനിത ജീവനക്കാരൊഴികെ മറ്റ് മുഴുവൻ ജീവനക്കാരെയും ബ്രീത്ത് അനലൈസർ ചെയ്യണമെന്ന് ഗതാഗത മന്ത്രി ഗണേഷ് കുമാറിന്‍റെ നിർദേശ പ്രകാരം ഉത്തരവിറക്കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ കെഎസ്ആർടിസി വിജിലൻസ് വിഭാഗം കെഎസ്ആർടിസി ചീഫ് ഓഫിസ് ഉൾപ്പെടെ എല്ലാ യൂണിറ്റുകളിലും റീജിയണൽ വർക് ഷോപ്പുകളിലാണ് പരിശോധന നടത്തിയത്.

Share this story