മലയാളികളെ കുടുകുടെ ചിരിപ്പിച്ച നടൻ; ചിരിയുടെ ‘മണവാളൻ’ ഇനി ഓർമ

Salin Kumar

ഒരേസമയം മലയാളിയെ പൊട്ടിച്ചിരിപ്പിക്കുകയും കരുത്തുറ്റ സ്വഭാവനടൻ എന്ന നിലയിൽ പ്രേക്ഷകരെ വിസ്മയിപ്പിക്കുകയും ചെയ്ത സമാനതകളില്ലാത്ത അഭിനയപ്രതിഭയായിരുന്നു സലിം കുമാർ. കഥാപാത്രങ്ങളിലൂടെയും ജനപ്രിയ ഡയലോഗുകളിലൂടെയും മലയാളി ജീവിതത്തെ വലിയ തോതിൽ സ്വാധീനിക്കാൻ സലിം കുമാറിന് ആയി.

ഒരേ സമയം മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു സലിം കുമാർ. മിമിക്രിയുടെ ലോകത്തു നിന്നും വെള്ളിത്തിരയിലേക്ക് കടന്ന സലിം കുമാർ വാക്ചാതുരി കൊണ്ടും സവിശേഷമായ ശരീരഭാഷ കൊണ്ടും പ്രേക്ഷകരെ വിസ്മയിപ്പിച്ച നിരവധി കഥാപാത്രങ്ങൾക്കാണ് ജീവൻ പകർന്നത്.

1996-ൽ റിലീസ് ചെയ്ത സിദ്ധിക് ഷമീറിന്റെ ‘ഇഷ്ടമാണ് നൂറുവട്ടം ആണ് ആദ്യ സിനിമ. രണ്ടായിരങ്ങളുടെ തുടക്കത്തിൽ ദിലീപ്, ഹരിശ്രീ അശോകൻ, കൊച്ചിൻ ഹനീഫ എന്നിവർക്കൊപ്പം സലിം കുമാർ ചെയ്ത കോമഡി വേഷങ്ങളാണ് സലിം കുമാർ എന്ന നടനിലെ പ്രതിഭ വെളിവാക്കിയത്. റാഫി- മെക്കാർട്ടിൻ ടീമിന്റെ തെങ്കാശിപ്പട്ടണം ഹിറ്റായതോടെ സലിം കുമാറിന് തിരിഞ്ഞുനോക്കേണ്ടതായി വന്നിട്ടില്ല.

മീശമാധവനിലെ അഡ്വക്കേറ്റ് മുകുന്ദനുണ്ണിയും പുലിവാൽ കല്യാണത്തിലെ മണവാളനും ചതിക്കാത്ത ചന്തുവിലെ ഡാൻസ് മാസ്റ്റർ വിക്രവും കല്യാണരാമനിലെ പ്യാരിയും തിളക്കത്തിലെ ഓമനക്കുട്ടനും തൊമ്മനും മക്കളുമിലെ മായാണ്ടിയും മായാവിയിലെ ആശാൻ കണ്ണൻ സ്രാവുമടക്കം സോഷ്യൽ മീഡിയയിലെ ട്രോൾ സാമ്രാജ്യങ്ങൾ ഭരിക്കുന്നവയാണ് സലിം കുമാറിന്റെ കഥാപാത്രങ്ങളിൽ ഒട്ടുമിക്കവയും.

സലിം അഹമ്മദിന്റെ ആദാമിന്റെ മകൻ അബുവിലെ വൃദ്ധനായ അത്തർ വിൽപ്പനക്കാരന്റെ വേഷം 2010-ലെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും സംസ്ഥാന പുരസ്‌കാരവും സ്വന്തമാക്കി. അഭിനയത്തിന് പുറമെ ചലച്ചിത്ര സംവിധാനത്തിലും സലിംകുമാർ പ്രതിഭ തെളിയിച്ചു. ‘കറുത്ത ജൂതന് 2016-ലെ മികച്ച കഥയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. ‘കമ്പാർട്ട്‌മെന്റ്’, ‘ദൈവമേ കൈതൊഴാം കെ. കുമാറാകണം’ എന്നീ ചിത്രങ്ങളും സലിംകുമാർ സംവിധാനം ചെയ്തു. ‘ഈശ്വരാ വഴക്കില്ലല്ലോ’ എന്ന പേരിൽ ആത്മകഥാപരമായ കുറിപ്പുകളും രചിച്ചു.

Tags

Share this story