നടിയെ ആക്രമിച്ച കേസ്: പൾസർ സുനിക്ക് വൻ തിരിച്ചടി; ശിക്ഷ മരവിപ്പിക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ശിക്ഷാ കാലാവധി മരവിപ്പിക്കണമെന്ന മുഖ്യപ്രതി പൾസർ സുനിയുടെ (സുനിൽ എൻ.എസ്) അപേക്ഷ ഹൈക്കോടതി തള്ളി. വിചാരണക്കോടതി വിധിച്ച 20 വർഷത്തെ തടവുശിക്ഷയ്‌ക്കെതിരെ നൽകിയ അപ്പീലിൽ അന്തിമ തീരുമാനം വരുന്നത് വരെ ശിക്ഷ നടപ്പാക്കുന്നത് നിർത്തിവെക്കണമെന്ന ആവശ്യമാണ് ജസ്റ്റിസ് രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് നിരസിച്ചത്.
വിചാരണക്കോടതി വിധിച്ച ശിക്ഷ മരവിപ്പിക്കാൻ തക്കവിധത്തിലുള്ള അസാധാരണ സാഹചര്യങ്ങളോ നിയമപരമായ പിഴവുകളോ ബോധിപ്പിക്കാൻ പ്രതിഭാഗത്തിന് കഴിഞ്ഞിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. കുറ്റം തെളിയിക്കപ്പെട്ടു കഴിഞ്ഞാൽ ജയിൽ നിയമവും ജാമ്യം ഒരപവാദവുമാണെന്ന മുൻകാല കോടതി വിധികൾ അടിവരയിട്ടാണ് ഹൈക്കോടതി ഉത്തരവ്.
കേസിൽ പൾസർ സുനിക്ക് ശിക്ഷ മരവിപ്പിച്ചു ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷനും ഇരയായ നടിയും ശക്തമായി എതിർത്തിരുന്നു. സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ച ഹീനമായ കുറ്റകൃത്യമാണ് നടന്നതെന്നും, പ്രതിക്ക് ജാമ്യം അനുവദിക്കുന്നത് കുറ്റകൃത്യത്തിന്റെ ഗൗരവം കുറച്ചുകാണുന്നതിന് ഇടയാക്കുമെന്നും നടിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. പ്രതി സ്ഥിരം കുറ്റവാളിയാണെന്നും ജാമ്യം ലഭിച്ചാൽ സാക്ഷികളെ സ്വാധീനിക്കാനും ദൃശ്യങ്ങൾ ദുരുപയോഗം ചെയ്യാനും സാധ്യതയുണ്ടെന്നും പ്രോസിക്യൂഷനും വാദിച്ചു.
2025 ഡിസംബറിലാണ് കൊച്ചിയിലെ പ്രത്യേക സെഷൻസ് കോടതി പൾസർ സുനി ഉൾപ്പെടെയുള്ള ആറ് പ്രതികൾക്ക് 20 വർഷം തടവുശിക്ഷ വിധിച്ചത്. ഈ വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതികളുടെ പ്രധാന അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതോടൊപ്പം പ്രതികളുടെ ശിക്ഷ വർദ്ധിപ്പിക്കണമെന്ന സർക്കാരിന്റെ അപ്പീലും കോടതിക്കു മുന്നിലുണ്ട്.
