സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചു: നടി ലക്ഷ്മി പ്രിയയ്‌ക്കെതിരെ കേസെടുക്കാൻ കോടതി നിർദേശം

ഹൻ ലക്ഷ്മി

കൊച്ചി: അന്‍സിബ ഹസനെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ചെന്ന പരാതിയില്‍ നടി ലക്ഷ്മി പ്രിയയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതിയുടെ നിര്‍ദ്ദേശം. പാലാരിവട്ടം പൊലീസിനാണ് എറണാകുളം മജിസ്ട്രേറ്റ് കോടതി നിര്‍ദേശം നല്‍കിയത്. നടി അന്‍സിബ ഹസന്റെ സ്വകാര്യ അന്യായത്തിലാണ് കോടതി നടപടി. ഹൈക്കോടതി നിര്‍ദേശം അനുസരിച്ചാണ് മജിസ്ട്രേറ്റ് കോടതിയുടെ നീക്കം.

അശ്ലീല പരാമര്‍ശങ്ങള്‍ ചേര്‍ത്ത് തനിക്കെതിരെ ലക്ഷ്മി പ്രിയ വ്യക്തിയധിക്ഷേപം നടത്തിയെന്നും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ പരാമര്‍ശങ്ങള്‍ നടത്തിയെന്നും കാട്ടിയായിരുന്നു അന്‍സിബ പൊലീസിനെ സമീപിച്ചത്. പരാതിയില്‍ കേസെടുക്കാതിരുന്നതോടെ മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ കോടതി അന്‍സിബയുടെ ഹര്‍ജി തള്ളുകയായിരുന്നു. ഇതിന് പിന്നാലെയാണ് അന്‍സിബ ഹൈക്കോടതിയെ സമീപിച്ചത്. പരാതി വീണ്ടും പരിശോധിക്കാന്‍ ഹൈക്കോടതി കീഴ്‌ക്കോടതിക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.

നിരവധി തവണ പരാതിയുമായി പൊലീസിനെ സമീപിച്ചിട്ടും കേസെടുക്കാന്‍ തയ്യാറായില്ലെന്ന് കാട്ടിയാണ് അന്‍സിബ കോടതിയെ സമീപിച്ചത്. എന്നാല്‍ പരാതിയില്‍ കേസെടുക്കാന്‍ മാത്രമുള്ള വകുപ്പുകള്‍ ഇല്ലെന്നും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ലെന്നുമായിരുന്നു കീഴ്‌ക്കോടതി ആദ്യം ഹര്‍ജി പരിഗണിച്ചപ്പോള്‍ നിരീക്ഷിച്ചത്. തുടര്‍ന്ന് ഹര്‍ജി തള്ളുകയായിരുന്നു. പിന്നാലെയാണ് അന്‍സിബ ഹൈക്കോടതിയെ സമീപിക്കുന്നതും അനുകൂല ഉത്തരവുണ്ടാകുന്നതും. അന്‍സിബയുടെ പരാതി ഗൗരവമുള്ളതാണെന്നും പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കേണ്ടതുണ്ടെന്നും ഹൈക്കോടതി നിരീക്ഷിക്കുകയായിരുന്നു.

താരസംഘടനയായ അമ്മയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്കിടെയായിരുന്നു അന്‍സിബയും ലക്ഷ്മിപ്രിയയും തമ്മിലുള്ള പ്രശ്നങ്ങള്‍ പുറത്തുവന്നത്. ഇതിന് പിന്നാലെയാണ് ഒരു യൂട്യൂബ് ചാനലിന് പരാതിക്ക് കാരണമായ അഭിമുഖം ലക്ഷ്മിപ്രിയ നല്‍കിയത്. ലക്ഷ്മിപ്രിയ മുമ്പ് അന്‍സിബയ്ക്ക് എതിരെ തൃപ്പൂണിത്തുറ പൊലീസിന് പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ തന്നെ പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി മൂന്ന് മണിക്കൂര്‍ മാനസികമായി പീഡിപ്പിച്ചു എന്ന ആരോപണവും അന്‍സിബ ഉയര്‍ത്തിയിരുന്നു. അന്‍സിബ അയച്ച വാട്സ്ആപ്പ് സന്ദേശം തന്റെ കുടുംബത്തില്‍ കുഴപ്പങ്ങള്‍ക്ക് കാരണമായി എന്നാണ് ലക്ഷ്മിപ്രിയ അന്ന് പറഞ്ഞത്.

Tags

Share this story