നടി ലക്ഷ്മിപ്രിയക്കെതിരായ പരാതി: നടി അൻസിബ നേരിട്ട് ഹാജരാകണമെന്ന് കോടതി

Hansi Padh

കൊച്ചി: നടി ലക്ഷ്മിപ്രിയക്കെതിരെ നൽകിയ അപകീർത്തി പരാതിയിൽ നടി അൻസിബ ഹസൻ നേരിട്ട് ഹാജരാകാൻ കോടതി ഉത്തരവ്. പരാതിയിൽ അൻസിബയുടെ മൊഴി നേരിട്ട് രേഖപ്പെടുത്തുന്നതിന് വേണ്ടിയാണ് എറണാകുളം മജിസ്‌ട്രേറ്റ് കോടതിയുടെ ഈ നിർദേശം.

​യുട്യൂബ് ചാനലിലൂടെ ലക്ഷ്മിപ്രിയ തനിക്കെതിരെ അപകീർത്തികരവും വ്യാജവുമായ പ്രചാരണങ്ങൾ നടത്തി എന്നാരോപിച്ചാണ് അൻസിബ പരാതി നൽകിയത്. എന്നാൽ ഈ വിഷയം അപകീർത്തി കേസായി മാത്രമേ പരിഗണിക്കാൻ സാധിക്കൂ എന്നും എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് പോലീസിന് നേരിട്ട് കേസെടുക്കാൻ കഴിയില്ലെന്നുമാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്. മുൻപ് പാലാരിവട്ടം പോലീസും ഈ പരാതിയിൽ കേസെടുക്കാൻ വിസമ്മതിച്ചിരുന്നു.

​പോലീസ് നടപടിയെ തുടർന്ന് അൻസിബ എറണാകുളം മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു. പരാതിക്കാരിയായ അൻസിബ കോടതിയിൽ നേരിട്ടെത്തി നൽകുന്ന മൊഴിയുടെ അടിസ്ഥാനത്തിലായിരിക്കും ഹർജിയിൽ ഇനി തുടർന്നുള്ള നിയമനടപടികൾ സ്വീകരിക്കുക. 

Tags

Share this story