അഡീഷണൽ പി.പി അനീഷ്യയുടെ ആത്മഹത്യ: അന്വേഷണത്തിന് പ്രത്യേക സംഘം വേണമെന്ന് വിഡി സതീശൻ

satheeshan

മേലുദ്യോഗസ്ഥരുടെ മാനസിക സമ്മർദ്ദവും പരസ്യമായ അവഹേളനവും സഹിക്കാനാകാതെ കൊല്ലം പരവൂർ മുൻസിഫ് കോടതിയിലെ അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യ ആത്മഹത്യ ചെയ്ത സംഭവം സർക്കാർ അതീവ ഗൗരവത്തോടെ കാണണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ആത്മഹത്യ അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവ് കത്തയച്ചു. പ്രതിസ്ഥാനത്തുള്ളവരെ അടിയന്തരമായി ചുമതലകളിൽ നിന്നും ഒഴിവാക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.

ഇപ്പോൾ പുറത്ത് വന്നിരിക്കുന്നതും അനീഷ്യയുടെ സുഹൃത്തുക്കൾ പൊലീസിന് രഹസ്യമായി കൈമാറിയതുമായ ശബ്ദസന്ദേശങ്ങൾ ഗൗരവത്തിലെടുത്ത് തെളിവുകൾ നശിപ്പിക്കപ്പെടാതിരിക്കാൻ പ്രതി സ്ഥാനത്ത് നിൽക്കുന്നവരെ ചുമതലകളിൽ നിന്നും ഒഴിവാക്കണം. ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷൻ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന അന്വേഷണം നീതിയുക്തമാകില്ലെന്ന ആശങ്ക അഭിഭാഷകരും ഉന്നയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ സംഭവത്തെ കുറിച്ച് പഴുതടച്ചുള്ള അന്വേഷണം നടത്തുന്നതിന് പ്രത്യേക സംഘത്തെ നിയമിക്കാൻ നിർദേശം നൽകണമെന്നും അഭ്യർഥിക്കുന്നതായി വി.ഡി. സതീശൻ പറഞ്ഞു.

Share this story