അടിമാലി മണ്ണിടിച്ചിൽ: ശസ്ത്രക്രിയ ഫലം കണ്ടില്ല, സന്ധ്യയുടെ ഇടതുകാൽ മുറിച്ചുമാറ്റി
അടിമാലിയിലെ മണ്ണിടിച്ചിലിൽ പരുക്കേറ്റ സന്ധ്യയുടെ കാൽ മുറിച്ചുമാറ്റി. അടിയന്തര ശസ്ത്രക്രിയ ഫലം കാണാത്തതിനെ തുടർന്നാണ് ഇടതുകാൽ മുറിച്ചു മാറ്റിയത്. ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലാണ് സന്ധ്യ. മണ്ണിടിച്ചിലിനെ തുടർന്ന് തകർന്ന വീട്ടിൽ മണിക്കൂറുകളോളമാണ് സന്ധ്യ കുടുങ്ങിക്കിടന്നത്. സന്ധ്യയുടെ ഭർത്താവ് ബിജു അപകടത്തിൽ മരിച്ചിരുന്നു
അടിമാലി കൂമ്പൻപാറ ലക്ഷംവീട് ഉന്നതിയിൽ ശനിയാഴ്ച രാത്രി പത്തരയോടെയാണ് മണ്ണിടിച്ചിലുണ്ടായത്. ദേശീയപാതയോരത്തുള്ള കൂറ്റൻ കുന്ന് അടർന്ന് താഴേക്ക് പതിക്കുകയായിരുന്നു. ബിജുവിന്റേതടക്കം ആറ് വീടുകൾ മണ്ണിനടിയിലായി. അപകടസാധ്യത കണ്ട് 22 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചതാണ് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചത്
മാറ്റി പാർപ്പിച്ച ശേഷം വീട്ടിലേക്ക് തിരികെ എത്തിയതായിരുന്നു ബിജുവും സന്ധ്യയും. വീടിന്റെ കോൺക്രീറ്റ് പാളികൾക്കുള്ളിൽ കുടുങ്ങിയ ഇരുവരെയും മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് പുറത്തെടുത്തത്. ബിജു അപ്പോഴേക്കും മരിച്ചിരുന്നു.
