അടിമാലി മണ്ണിടിച്ചിൽ: ദുരിതാശ്വാസ ക്യാമ്പിലുള്ളവരെ ഉടൻ താത്കാലികമായി പുനരധിവസിപ്പിക്കും
ഇടുക്കി അടിമാലിയിലെ മണ്ണിടിച്ചിലിനെ സംബന്ധിച്ച റിപ്പോർട്ട് രണ്ട് ദിവസത്തിനകം സമർപ്പിക്കുമെന്ന് ദേവികുളം സബ് കലക്ടർ വിഎം ആര്യ. മണ്ണിടിച്ചിലിന്റെ കാരണം കണ്ടെത്താനുള്ള പരിശോധന ഇന്ന് ആരംഭിക്കും. വിവിധ വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരുടെ പ്രത്യേക സംഘമാണ് പരിശോധനക്കായി എത്തുന്നത്
അന്തിമ റിപ്പോർട്ട് നാല് ദിവസത്തിനകം കൈമാറും. ദുരിതാശ്വാസ ക്യാമ്പിലുള്ളവരെ രണ്ട് ദിവസത്തിനകം താത്കാലികമായി പുനരധിവസിപ്പിക്കും. കെഎസ്ഇബിയുടെ ഒഴിഞ്ഞുകിടക്കുന്ന ക്വാർട്ടേഴ്‌സുകളിലേക്ക് ഇവരെ മാറ്റും. ആദ്യഘട്ടത്തിൽ വീട് പൂർണമായും നഷ്ടമായ എട്ട് പേരെയും ഇതിന് ശേഷം അപകട മേഖലയിൽ കഴിയുന്ന എല്ലാ കുടുംബങ്ങളെയും മാറ്റും
ക്യാമ്പുകൾ പിരിച്ചുവിട്ട് ആളുകളെ താത്കാലികമായ സുരക്ഷിത സ്ഥാനത്തേക്ക് എത്തിക്കാനുള്ള നടപടിയാണ് ഇപ്പോൾ നടക്കുന്നത്. അതേസമയം മണ്ണിടിച്ചിലുണ്ടായ അടിമാലി കൂമ്പൻപാറയിൽ ഒരു നിർമാണവും നടന്നിരുന്നില്ലെന്ന് ദേശീയപാത അതോറിറ്റി പറയുന്നു.
