ദിലീപിന് നീതി കിട്ടിയെന്ന അടൂർ പ്രകാശിന്റെ പ്രതികരണം വ്യക്തിപരം; കോൺഗ്രസ് അതിജീവിതക്കൊപ്പമെന്ന് ചെന്നിത്തല

chennithala

നടിയെ ആക്രമിച്ച കേസിൽ ദിലീപിന് നീതി കിട്ടിയെന്ന യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ വാക്കുകൾ തള്ളി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അടൂർ പ്രകാശിന്റെ പ്രതികരണം വ്യക്തിപരമാണ്. കോൺഗ്രസ് വേട്ടക്കാരനൊപ്പമല്ല, അതിജീവിതക്ക് ഒപ്പം തന്നെയാണ്. നടിയെ ആക്രമിച്ച കേസിൽ വിധി പൂർണമായി വായിച്ച ശേഷം പ്രതികരിക്കാമെന്നും ചെന്നിത്തല പറഞ്ഞു

അതിജീവിതക്ക് നീതി കിട്ടിയില്ലെന്ന തോന്നലുണ്ടെങ്കിൽ അപ്പീൽ പോകാമെന്ന് കെ മുരളീധരനും പ്രതികരിച്ചു. നേരിട്ട് തെറ്റ് ചെയ്തവർക്ക് ശിക്ഷ കിട്ടിയിട്ടുണ്ട്. എല്ലാ വിധിയിലും എല്ലാവർക്കും പൂർണ തൃപ്തിയുണ്ടാകില്ല. ഇത് വ്യക്തിപരമായ കേസാണെന്നും ഇതിനെ രാഷ്ട്രീയമായി കാണേണ്ടതില്ലെന്നും മുരളീധരൻ പറഞ്ഞു

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന് നീതി കിട്ടിയെന്നാണ് നേരത്തെ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് പ്രതികരിച്ചത്. കലാകാരൻ എന്ന നിലയിൽ മാത്രമല്ല, വ്യക്തിയെന്ന നിലയിലും ദിലീപിനെ സംബന്ധിച്ചിടത്തോളം നീതി ലഭ്യമായി. ദിലീപുമായി അടുത്ത ബന്ധമുണ്ട്. വ്യക്തിപരമായി സന്തോഷമുണ്ടെന്നും അടൂർ പ്രകാശ് പറഞ്ഞു

പത്തനംതിട്ടയിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അടൂർ പ്രകാശ്. ഉന്നത പോലീസ് നേതൃത്വത്തിൽ ഉണ്ടാക്കിയെടുത്ത ഗൂഢാലോചനയാണ് കേസുമായി ബന്ധപ്പെട്ട് നടന്നതെന്ന് ദിലീപ് പറഞ്ഞിട്ടുണ്ട്. അത്തരം കാര്യങ്ങളിൽ ഞാനല്ല അഭിപ്രായം പറയേണ്ടത്

സർക്കാർ രാഷ്ട്രീയനേട്ടത്തിന് അറസ്റ്റ് ഉപയോഗിച്ചു. സർക്കാർ അപ്പീൽ പോകുമല്ല. സർക്കാരിന് മറ്റ് പണിയൊന്നുമില്ലല്ലോ. ആരെ ദ്രോഹിക്കാനുണ്ട് എന്നുള്ളതാണ് സർക്കാർ നോക്കുന്നത്. ആ സർക്കാരിനെ സംബന്ധിച്ചിടത്തോളം എന്ത് വേണമെങ്കിലും കെട്ടിച്ചമച്ചുണ്ടാക്കാൻ പറ്റുന്നതാണെന്നും അടൂർ പ്രകാശ് പറഞ്ഞു
 

Tags

Share this story