അടൂർ പ്രകാശിന്റെ പ്രസ്താവനയോടെ യുഡിഎഫ് അതിജീവിതക്കൊപ്പമല്ലെന്ന് വ്യക്തമായി: മന്ത്രി രാജീവ്
നടിയെ ആക്രമിച്ച കേസിൽ ദിലീപിന് നീതി കിട്ടിയെന്ന് പറയുകയും സർക്കാർ അപ്പീൽ പോകുന്നതിനെ പരിഹസിക്കുകയും ചെയ്ത യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പ്രസ്താവനക്കെതിരെ നിയമ മന്ത്രി പി രാജീവ്. അടൂർ പ്രകാശിന്റെ പ്രസ്താവനയോടെ യുഡിഎഫ് അതിജീവിതക്കൊപ്പം അല്ലെന്ന് വ്യക്തമായെന്ന് പി രാജീവ് പറഞ്ഞു. കേസിലെ വ്യക്തികൾ ആരെന്നത് സർക്കാരിന് പ്രധാനമല്ല. സർക്കാർ തുടക്കം മുതൽ അതിജീവിതക്കൊപ്പമാണ്
ജഡ്ജിക്കെതിരെ നടക്കുന്ന വ്യക്തിപരമായ ആക്രമണങ്ങൾ അംഗീകരിക്കാനാകില്ല. വിധിയെ വിമർശിക്കാം, പക്ഷേ വ്യക്തിപരമായ വിമർശനങ്ങൾ പാടില്ലെന്നും മന്ത്രി പറഞ്ഞു. നടിയെ ആക്രമിച്ചത് ഗൂഢാലോചനയുടെ ഭാഗമായിട്ടാണെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. എന്നാൽ ഗൂഢാലോചന തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് കോടതി വിധി
പൂർണ വിധി വന്ന ശേഷം കാര്യങ്ങൾ പരിശോധിച്ച് അപ്പീൽ പോകാനാണ് സർക്കാർ തീരുമാനം. കേസിന്റെ ഒരു ഘട്ടത്തിലും സർക്കാർ യാതൊരുവിധ സമ്മർദവും അന്വേഷണ സംഘത്തിന് നൽകിയിട്ടില്ല. അതിജീവിതയുടെ കൂടി അഭിപ്രായം പരിഗണിച്ചാണ് ശക്തമായ പ്രോസിക്യൂഷനെ കേസിൽ നിയമിച്ചതെന്നും മന്ത്രി പി രാജീവ് പറഞ്ഞു
