ധാരണാപത്രം ഒപ്പിട്ട ശേഷം പിഎം ശ്രീ നടപ്പാക്കാൻ കേരളം താല്പര്യം കാട്ടിയില്ല; മുഖ്യമന്ത്രിയുടെ വാദം തെറ്റെന്ന് തെളിയിക്കുന്ന കേന്ദ്രത്തിന്റെ സത്യവാങ്മൂലം പുറത്ത്

VD Press Meet

പിഎം ശ്രീ (PM SHRI) പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കേരള സർക്കാരിന്റെ വാദങ്ങൾ തള്ളിക്കൊണ്ട് കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലം. ധാരണാപത്രം ഒപ്പിട്ട ശേഷം പദ്ധതി നടപ്പാക്കാൻ കേരളം താല്പര്യം കാണിച്ചില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.

​ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട ഒരു കേസിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഈ നിലപാട് വ്യക്തമാക്കിയത്. പദ്ധതി നടപ്പാക്കാനുള്ള സ്കൂളുകളുടെ പട്ടിക നൽകാൻ കേരളത്തോട് ആവശ്യപ്പെട്ടിരുന്നെങ്കിലും എൽഡിഎഫ് സർക്കാർ അതിൽ നിന്നും പിന്നോട്ട് പോവുകയായിരുന്നുവെന്ന് കേന്ദ്രം ചൂണ്ടിക്കാണിക്കുന്നു.

വിവാദത്തിന് പിന്നിൽ:

പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകാൻ യുഡിഎഫ് സർക്കാർ തീരുമാനിച്ചതിന് പിന്നാലെയാണ് ഈ പുതിയ രാഷ്ട്രീയ പോര് മുറുകുന്നത്. മുൻ എൽഡിഎഫ് സർക്കാർ ധാരണാപത്രത്തിൽ ഒപ്പിട്ടതിനാലാണ് പദ്ധതിയുമായി മുന്നോട്ട് പോകാൻ തങ്ങൾ നിർബന്ധിതരായത് എന്നായിരുന്നു മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാദം. മാത്രമല്ല, പദ്ധതിയിൽ നിന്ന് പിന്മാറാൻ മുൻ സർക്കാർ കേന്ദ്രത്തിന് കത്തൊന്നും നൽകിയിട്ടില്ലെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടിരുന്നു.

​എന്നാൽ, ഈ വാദങ്ങളെ പൂർണ്ണമായി തള്ളുന്നതാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന കേന്ദ്രത്തിന്റെ സത്യവാങ്മൂലവും മുൻ സർക്കാർ അയച്ച കത്തുകളും. 2025 നവംബറിൽ അന്നത്തെ പൊതുവിദ്യാഭ്യാസ സെക്രട്ടറി കേന്ദ്രത്തിന് അയച്ച കത്തിൽ, പദ്ധതി നടപ്പാക്കുന്നതിൽ ആശങ്കയുണ്ടെന്നും മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോർട്ട് വരുന്നത് വരെ ധാരണാപത്രത്തിന്റെ തുടർനടപടികൾ താല്കാലികമായി നിർത്തിവെക്കുകയാണെന്നും വ്യക്തമാക്കിയിരുന്നു.

​കേന്ദ്രത്തിന്റെ പുതിയ സത്യവാങ്മൂലം പുറത്തുവന്നതോടെ പിഎം ശ്രീ പദ്ധതിയെച്ചൊല്ലി സംസ്ഥാനത്ത് ഭരണ-പ്രതിപക്ഷങ്ങൾ തമ്മിലുള്ള രാഷ്ട്രീയ പോരാട്ടം കൂടുതൽ ശക്തമാകാനാണ് സാധ്യത.

Tags

Share this story