കേന്ദ്രസർക്കാരിന്റെ രാജ്യാന്തര കരാറുകളാണ് റബർ വില ഇടിയാൻ കാരണമെന്ന് കൃഷി മന്ത്രി പി പ്രസാദ്

prasad

കേന്ദ്രസർക്കാർ ഏർപ്പെട്ട രാജ്യാന്തര കരാറുകളുടെ ഭാഗമായാണ് റബർ വിലയിൽ കുറവുണ്ടായതെന്ന് കൃഷിമന്ത്രി പി പ്രസാദ്. ഉത്പാദന ചെലവിന്റെ വർധനവും വില തകർച്ചയും കാരണം റബർ കർഷകർ നേരിടുന്ന പ്രതിസന്ധി സംബന്ധിച്ച് മോൻസ് ജോസഫിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി. 

യുഡിഎഫ് സർക്കാർ റബർ കർഷകർക്കായി നടപ്പാക്കിയ ഇൻസെന്റീവ് പദ്ധതി എൽഡിഎഫ് സർക്കാർ മുന്നോട്ടു കൊണ്ടുപോയി. 2021-22 സാമ്പത്തിക വർഷം റബറിന്റെ താങ്ങുവില കിലോയ്ക്ക് 170 രൂപയായി ഉയർത്തി. താങ്ങുവില 250 രൂപയായി ഉയർത്തുന്നതിന് കേന്ദ്രത്തോട് സഹായം അഭ്യർഥിച്ചെങ്കിലും അനുകൂല നടപടിയുണ്ടായില്ല. 

തീരുവയില്ലാത്ത സ്വാഭാവിക റബർ ഇറക്കുമതി അവസാനിപ്പിക്കണമെന്ന് സംസ്ഥാനം നിരവധി തവണ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടും അനുകൂല നിലപാടല്ല കേന്ദ്രം സ്വീകരിച്ചത്. കേരളം നടപ്പാക്കിയ ഇൻസെന്റീവ് പദ്ധതിയാണ് കർഷകരെ മേഖലയിൽ തുടരാൻ സഹായിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
 

Share this story