എഐ ക്യാമറ ഇടപാട്: തട്ടിക്കൂട്ട് കമ്പനികളുമായി മുഖ്യമന്ത്രിക്ക് ബന്ധമെന്ന് ചെന്നിത്തല

chennithala

എഐ ക്യാമറ ഇടപാടിലെ തട്ടിക്കൂട്ട് കമ്പനികളും മുഖ്യമന്ത്രിയും തമ്മിൽ ബന്ധമുണ്ടെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ ബന്ധം വൈകാതെ പുറത്തുവരും. ഈ ഭരണത്തിൽ ബിനാമികളും വൻകിടക്കാരും അരങ്ങുതകർക്കുന്നു. അവരാണ് ഭരണം നിയന്ത്രിക്കുന്നത്. മന്ത്രിമാർക്ക് സ്വാതന്ത്ര്യമില്ല. അധികാരം മുഖ്യമന്ത്രിയിലേക്ക് കേന്ദ്രീകരിക്കുന്നു. 

ഐഎഎസുകാരെ നിയമിക്കാനുള്ള സ്വാതന്ത്ര്യമടക്കം മുഖ്യമന്ത്രിയിലേക്ക് കേന്ദ്രീകരിക്കുന്നു. ഒരേ പാറ്റേണിലുള്ള അഴിമതിയാണ് കേരളത്തിൽ നടക്കുന്നത്. സ്പ്രിംക്ലർ മുതലുള്ള അഴിമതികൾ ഒരേ പാറ്റേണിലുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. 

എഐ ക്യാമറ വിവാദത്തിൽ മുഖ്യമന്ത്രിയുടെ മൗനം ലജ്ജാകരമാണ്. താനുന്നയിച്ച ആരോപണങ്ങൾ പൂർണമായും ശരിയെന്ന് തെളിഞ്ഞു. ആരോപണങ്ങൾ കെൽട്രോണിന്റെ തലയിൽ കെട്ടിവെച്ച് രക്ഷപ്പെടാനാണ് വ്യവസായ മന്ത്രി പി രാജീവ് ശ്രമിച്ചത്. സ്വന്തമായി പണം മുടക്കാനില്ലാത്ത ടെക്‌നിക്കൽ ക്വാളിഫിക്കേഷൻ ഇല്ലാത്ത കമ്പനിക്ക് എന്തിനാണ് കെൽട്രോൺ കരാർ കൊടുത്തതെന്നും ചെന്നിത്തല ചോദിച്ചു.
 

Share this story