എഐ ക്യാമറകള്‍ കൂടുതല്‍ പാതകളില്‍ സ്ഥാപിക്കും; കേരളത്തില്‍ നല്ല റോഡ് സംസ്‌കാരം വളര്‍ത്തുന്നതിന്റെ ഭാഗമെന്ന് മുഖ്യമന്ത്രി പിണറായി

camara

നല്ല റോഡ് സംസ്‌കാരം വളര്‍ത്തുന്നതിന്റെ ഭാഗമായാണ് ഗതാഗത വകുപ്പ് ആധുനിക സാങ്കേതികതയില്‍ അധിഷ്ഠിതമായ സംവിധാനങ്ങള്‍ ഒരുക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറ ഉള്‍പ്പെടുന്ന ഡിജിറ്റല്‍ എന്‍ഫോഴ്‌സ്‌മെന്റ് പദ്ധതിയുടെയും പിവിസി പെറ്റ്ജി കാര്‍ഡ് ഡ്രൈവിംഗ് ലൈസന്‍സുകളുടെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

റോഡ് അപകടങ്ങളിലെ മരണം സംസ്ഥാനം നേരിടുന്ന ദുരന്തമായി കണ്ട് കൂട്ടായ പ്രവര്‍ത്തനം നടത്തണം. ഇതിന് പുതുതലമുറ മുന്‍കൈ എടുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിരത്തുകളിലെ സഞ്ചാരം സുഗമമാക്കാന്‍ ആധുനിക സാങ്കേതിക വിദ്യകള്‍ സര്‍ക്കാര്‍ പ്രയോജനപ്പെടുത്തും. ഇതിലൂടെ നിയമലംഘനങ്ങള്‍ കണ്ടെത്തും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍, ഓട്ടോമേറ്റഡ് നമ്പര്‍ പ്‌ളേറ്റ് റെക്കൊഗ്‌നിഷന്‍ എന്നിവ ഇതിന്റെ ഭാഗമായി നടപ്പാക്കിയതാണ്. സംസ്ഥാനത്ത് 726 എ. ഐ ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. 14 ജില്ലകളിലും കണ്‍ട്രോള്‍ റൂമുകളുമുണ്ട്. തിരുവനന്തപുരത്താണ് മാസ്റ്റര്‍ കണ്‍ട്രോള്‍ റൂം. ഇതിലൂടെ വാഹനം തടഞ്ഞുള്ള പരിശോധന ഒഴിവാക്കാനാകും. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ പാതകളില്‍ ക്യാമറകള്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സേഫ് കേരള പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് 85 സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പദ്ധതി ആവിഷ്‌കരിച്ച ശേഷം റോഡ് അപകടങ്ങളിലെ മരണസംഖ്യയില്‍ ചെറിയ തോതിലെങ്കിലും കുറവ് ഉണ്ടായിട്ടുണ്ട്. ഏഴ് സുരക്ഷാ സംവിധാനങ്ങള്‍ അടങ്ങിയതാണ് പുതിയ ലൈസന്‍സ് കാര്‍ഡ്. ഡ്രൈവിംഗ് ലൈസന്‍സുകള്‍ സ്മാര്‍ട്ട് ആക്കുന്നതിന് ആദ്യം നടപടി ആരംഭിച്ച സംസ്ഥാനമാണ് കേരളം. എന്നാല്‍ കോടതി വ്യവഹാരങ്ങളിലൂടെ നടപടി നീണ്ടു പോയി. വിദേശരാജ്യങ്ങളിലുള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ക്കായി പോകുന്നവര്‍ക്ക് പുതിയ ലൈസന്‍സ് ആധികാരിക രേഖയായി സമര്‍പ്പിക്കാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

Share this story