എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ സമരം പിൻ‌വലിച്ചു; പിരിച്ചു വിട്ടവരെ തിരിച്ചെടുക്കാൻ തീരുമാനം

കൊച്ചി: ജീവനക്കാരുടെ പ്രശ്നങ്ങൾ പരിശോധിക്കാമെന്ന് മാനേജ്മെന്‍റ് ഉറപ്പു നൽകിയതിനു പിന്നാലെ അപ്രതീക്ഷിത സമരം പിൻവലിച്ച് എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ. പിരിച്ചു വിട്ട 25 ജീവനക്കാരെ തിരിച്ചെടുക്കാനും തീരുമാനിച്ചിട്ടുണ്ട്. ജീവനക്കാർ സമരം പ്രഖ്യാപിച്ചതോടെ നിരവധി ഫ്ലൈറ്റുകൾ റദ്ദാക്കേണ്ടി വന്ന സാഹചര്യത്തിലാണ് മാനേജ്മെന്‍റ് ജീവനക്കാരുമായി സമവായചർച്ചകൾ നടത്തിയത്. കൂടുതൽ ജീവനക്കാർക്ക് പിരിച്ചു വിടൽ നോട്ടീസ് നൽകിയതായും റിപ്പോർട്ടുകൾ പുറത്തു വന്നതിനു പിന്നാലെയാണ് പ്രശ്നം പരിഹരിക്കപ്പെട്ടത്.

അസുഖത്തിന്‍റെ പേരിൽ ചൊവ്വാഴ്ച രാത്രി മുതൽ ജീവനക്കാർ കൂട്ടത്തോടെ അവധി എടുത്തതോടെ ബുധനാഴ്ച മാത്രം 90 സർവീസുകളാണ് മുടങ്ങിയത്. ഇന്നു നടത്തേണ്ടിയിരുന്ന 285 ർവീസുകളിൽ 85 സർവീസുകളും റദ്ദാക്കി. ടാറ്റ ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയുടെ ഉപഗ്രൂപ്പാണ് എയർ ഇന്ത്യ എക്സ്പ്രസ്.

കേരളത്തിലാണ് എയർ ഇന്ത്യ എസ്ക്പ്രസിന്‍റെ ആസ്ഥാനം. ഇതിലെ മുതിർന്ന കാബിൻ ക്രൂ അംഗങ്ങളിൽ ഭൂരിഭാഗവും മലയാളികളാണ്. ടാറ്റ ഗ്രൂപ്പിന് എയർ ഇന്ത്യ ജീവനക്കാരുടെ സമരം വലിയ നാണക്കേടുണ്ടാക്കിയതായും വിലയിരുത്തപ്പെട്ടിരുന്നു.

Share this story