കോഴിക്കോട് നിന്നുയർന്ന എയർ ഇന്ത്യ വിമാനത്തിന് സാങ്കേതിക തകരാർ; തിരുവനന്തപുരത്ത് ഇറക്കി

Air india

കോഴിക്കോട് നിന്ന് ടേക്ക് ഓഫ് ചെയ്ത കോഴിക്കോട്-ദമ്മാം എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. പറയുന്നയർന്നതിന് പിന്നാലെ തകരാർ ശ്രദ്ധയിൽപ്പെട്ടതോടെ അടിയന്തര ലാൻഡിംഗിന് അനുമതി തേടുകയായിരുന്നു. 182 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്

കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട് രണ്ടര മണിക്കൂറിന് ശേഷമാണ് ലാൻഡിംഗ്. സുരക്ഷിതമായാണ് വിമാനം ലാൻഡ് ചെയ്തതെന്ന് വിമാനത്താവളം അധികൃതർ അറിയിച്ചു. ഹൈഡ്രോളിക് തകരാറാണ് വിമാനത്തിനുള്ളത്. ഏറെ നേരം കോഴിക്കോട് വിമാനത്താവളത്തിന് ചുറ്റും വിമാനം പറന്നിരുന്നു. കോഴിക്കോട് വിമാനത്താവളത്തിൽ തന്നെ ലാൻഡ് ചെയ്യാൻ അനുമതിക്ക് ശ്രമിച്ചിരുന്നു. പിന്നീട് സുരക്ഷ കൂടിയ തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറക്കാമെന്ന് തീരുമാനിക്കുകയായിരുന്നു

രാജ്യത്ത് സുരക്ഷിതമായി വിമാനം ലാൻഡ് ചെയ്യാവുന്ന വിമാനത്താവളങ്ങളുടെ പട്ടികയിലുള്ളതാണ് തിരുവനന്തപുരം. തിരുവനന്തപുരത്ത് എത്തിയതിന് ശേഷം ഇന്ധനം കളഞ്ഞാണ് വിമാനം നിലത്തിറക്കിയത്. യാത്രക്കാരെല്ലാവരും സുരക്ഷിതരാണ്.
 

Share this story