ഷാജറിനെ കുടുക്കാൻ ആകാശ് തില്ലങ്കേരി ശ്രമിച്ചു; തെളിവുകൾ പുറത്തുവിട്ട് ഡിവൈഎഫ്‌ഐ

ഡിവൈഎഫ്‌ഐ നേതാവ് എം ഷാജറിനെ കുടുക്കാൻ ആകാശ് തില്ലങ്കേരി ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിൽ തെളിവ് പുറത്തുവിട്ട് ഡിവൈഎഫ്‌ഐ. ഷാജറിന്റെ കയ്യിൽ നിന്നും ട്രോഫി വാങ്ങുന്ന ചിത്രം പ്രചരിപ്പിക്കാൻ വാട്‌സാപ്പ് ഗ്രൂപ്പുകളിൽ ആഹ്വാനം ചെയ്‌തെന്നും ഡിവൈഎഫ്‌ഐ ആരോപിച്ചു. ഷാജറിന്റെ പാർട്ടി അംഗത്വം കളയാനായിരുന്നു ഈ നീക്കമെന്നും ഡിവൈഎഫ്‌ഐ കുറ്റപ്പെടുത്തി.
ആകാശ് നടത്തിയ വാട്‌സാപ്പ് ചാറ്റുകളുടെ സ്‌ക്രീൻ ഷോട്ടുകളും നേതാക്കൾ പുറത്തുവിട്ടു. കഴിഞ്ഞ ഡിസംബറിലാണ് ക്രിക്കറ്റ് ടൂർണമെന്റിൽ വിജയിച്ച ആകാശ് തില്ലങ്കേരി അംഗമായ ടീമിന് ഷാജർ ട്രോഫി നൽകിയത്. ഈ ചിത്രങ്ങൾ വ്യാപകമായി പ്രചരിച്ചു. സ്വർണക്കടത്ത്, കൊലക്കേസ് പ്രതിക്ക് ഡിവൈഎഫ്‌ഐ നേതാവ് ട്രോഫി നൽകിയെന്ന രീതിയിലായിരുന്നു വിമർശനം ഉയർന്നത്.
പാർട്ടിക്ക് വേണ്ടി കൊലപാതകം നടത്തിയെന്ന് ആകാശ് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ഡിവൈഎഫ്‌ഐ ആരോപണങ്ങൾ തെളിവ് സഹിതം പുറത്തുവിട്ടത്. പാർട്ടിക്ക് വേണ്ടി കൊലപാതകം നടത്തിയെന്നും എടയന്നൂരിലെ പാർട്ടി നേതാക്കളാണ് ഇത് ചെയ്യിപ്പിച്ചതെന്നുമായിരുന്നു ആകാശ് ഫേസ്ബുക്കിൽ കമന്റ് ചെയ്തത്.