സുഡാനിൽ വെടിയേറ്റ് മരിച്ച ആൽബർട്ടിന്റെ മൃതദേഹം സംസ്‌കരിച്ചു

albert

സുഡാനിലെ ആഭ്യന്തര സംഘർഷത്തിൽ വെടിയേറ്റ് മരിച്ച ആൽബർട്ട് അഗസ്റ്റിന്റെ മൃതദേഹം സംസ്‌കരിച്ചു. കണ്ണൂർ ആലക്കോട് നെല്ലിപ്പാറ ഹോളിഫാമിലി പള്ളി സെമിത്തേരിയിലായിരുന്നു സംസ്‌കാരം. ഏപ്രിൽ 14നാണ് ആൽബർട്ട് കൊല്ലപ്പെട്ടത്. 35 ദിവസത്തോളം സുഡാനിലെ വിവിധ ആശുപത്രികളിൽ സൂക്ഷിച്ച മൃതദേഹം ഇന്നലെയാണ് വ്യോമസേന വിമാനത്തിൽ സുഡാനിൽ നിന്നും ഡൽഹിയിലെത്തിച്ചത്

രാത്രിയോടെ കരിപ്പൂരിലെത്തിച്ചു. പുലർച്ചെയാണ് ആലക്കോട്ടെ വീട്ടിലെത്തിച്ചത്. ബന്ധുക്കളും നാട്ടുകാരുമടക്കം നിരവധി പേർ വീട്ടിലെത്തി അന്ത്യോപചാരം അർപ്പിച്ചു. ഏപ്രിൽ 14നാണ് സുഡാനിൽ സെക്യൂരിറ്റി ഓഫീസറായിരുന്ന അൽബർട്ട് ഫ്‌ളാറ്റിൽ വെടിയേറ്റ് മരിച്ചത്. ജനലിന് അരികിൽ നിന്ന് നാട്ടിലുള്ള മകനുമായി ഫോണിൽ സംസാരിക്കുന്നതിനിടെയാണ് വെടിയേറ്റത്. അവധിയാഘോഷിക്കാനായി സുഡാനിൽ എത്തിയ ഭാര്യയും മകളും നോക്കി നിൽക്കെയാണ് ആൽബർട്ട് വെടിയേറ്റ് മരിച്ചത്. സംഘർഷം രൂക്ഷമായതിനാൽ 3 ദിവസത്തിന് ശേഷമാണ് മൃതദേഹം ഫ്‌ളാറ്റിൽ നിന്നും മാറ്റാൻ പോലുമായത്.
 

Share this story