ഈ പ്രശ്നങ്ങളെല്ലാമുണ്ടാക്കിയത് അമേരിക്ക; ഇസ്രയേല്‍ ലോക തെമ്മാടി രാഷ്ട്രമെന്ന് പിണറായി വിജയന്‍

Kera

കല്‍പറ്റ: തങ്ങള്‍ക്ക് വിരോധമുള്ള രാഷ്ട്രങ്ങളെ വാഴിക്കില്ലെന്ന നിലയാണ് അമേരിക്കയും ചങ്ങാതിയായ ഇസ്രയേലും സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇസ്രയേല്‍ തെമ്മാടി രാഷ്ട്രമാണെന്നും ഇതിനെതിരായ ശക്തമായ വികാരം ഒന്നടങ്കം പ്രകടിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കല്‍പ്പറ്റയില്‍ മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കുള്ള ടൗണ്‍ഷിപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ഉള്‍പ്പെടെ ആക്രമണം നടത്തുന്ന സാഹചര്യത്തില്‍ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമാദിക്ക് താന്‍ കത്തയച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ സഹോദങ്ങള്‍ ലക്ഷക്കണക്കിനാണ് ഗള്‍ഫിലുള്ളത്. അവരെല്ലാം അരക്ഷിതാവസ്ഥയിലാണ്. ഇതെല്ലാമുണ്ടാക്കിയത് അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ നടപടികളാണ്. അവര്‍ക്ക് അതിനുപറ്റിയ ചങ്ങാതി ലോക തെമ്മാടി ഇസ്രയേലാണ്. രണ്ടുകൂട്ടരുമാണ് ഇതെല്ലാം കാട്ടിക്കൂട്ടുന്നത്. ഇതിനെതിരായ ശക്തമായ വികാരം ഒന്നടങ്കം പ്രകടിപ്പിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

താമസസ്ഥലത്ത് നിന്നും അക്രമിക്കപ്പെടുന്നവരും കൊലചെയ്യപ്പെടുന്നവരും നമ്മുടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടാവുകയാണ്. വല്ലാത്ത നടുക്കത്തിലാണ് നാടും ലോകവും. മനുഷ്യര്‍ തമ്മില്‍ പാലിക്കുന്ന മര്യാദപോലെ തന്നെ രാജ്യങ്ങള്‍ തമ്മില്‍ മര്യാദകള്‍ പാലിക്കേണ്ടതുണ്ട്. ഒരു രാജ്യത്തിന്റെ അതേ അഭിപ്രായം തന്നെയായിരിക്കണം മറ്റൊരു രാജ്യത്തിനെന്ന് നിര്‍ബന്ധിക്കാനാകില്ല. പക്ഷെ നമ്മുടെ നാട്ടില്‍ സാധാരണ തെമ്മാടികള്‍ സ്വീകരിക്കുന്ന നില ചില തെമ്മാടി രാഷ്ട്രങ്ങള്‍ സ്വീകരിക്കുകയാണ്. ആ തെമ്മാടി രാഷ്ട്രങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത് അമേരിക്കന്‍ സാമ്രാജ്യത്വമാണ് എന്നതാണ് ഏറ്റവും കടുത്ത അനുഭവം. അവരുടെ കയ്യില്‍ ആയുധങ്ങളും സമ്പത്തുമുണ്ട്, യുദ്ധ വെറി, പിന്നെ സാധാരണ നിലയില്‍ രാജ്യത്തിന് നേതൃത്വം കൊടുക്കേണ്ട മാനസികാവസ്ഥയുള്ളയാള്‍ തന്നെയാണോ നേതൃത്വം വഹിക്കേണ്ടത് എന്ന ശങ്ക ഇതെല്ലാം കൂടി ഒത്തുവന്നപ്പോള്‍ ഭ്രാന്തമായ നടപടികളിലേക്ക് കടുക്കുകയാണ് അമേരിക്ക എന്നും മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചു.

ഒരു രാജ്യത്തിനകത്ത് കടന്ന് ആ രാജ്യത്തിന്റെ പ്രസിഡന്റിനെയും ഭാര്യയെയും അടക്കം കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുന്നതാണ് ലോകം കണ്ടത്. ഒരു രാജ്യവും ചെയ്യുന്ന കാര്യമല്ല അത്. ഇറാന് നേരെ ആക്രമണം നടത്താനുള്ള എന്ത് സാഹചര്യമാണ് ഉണ്ടായത്. ലോകത്തിന് മുന്നില്‍ എന്തെങ്കിലും വസ്തുതകള്‍ അങ്ങനെ പറയാന്‍ കഴിഞ്ഞോ? തങ്ങള്‍ക്ക് വിരോധമുള്ള രാഷ്ട്രങ്ങളെ വാഴിക്കില്ലെന്ന നിലയാണ്. ഒരു രാജ്യത്തിന്റെ പരമാധികാരിയായി രാജ്യം കണക്കാക്കുന്ന ആയത്തുള്ള ഖമനയിയെ വീട്ടില്‍ മകളെയും കൊച്ചുമകളെയും മകളുടെ ഭര്‍ത്താവിയെമെല്ലാം ചേര്‍ത്ത് കൊല്ലുന്ന നില. ആധുനിക സാങ്കേതിക വിദ്യയിൽ നേരെ നിന്ന് നിങ്ങള്‍ എവിടെയുണ്ടെന്ന് മനസ്സിലാക്കാന്‍ സാധിക്കും. അങ്ങനെ മനസ്സിലാക്കി ആയുധം പ്രയോഗിക്കാന്‍ പറ്റുന്ന വിദ്യകള്‍ അമേരിക്കയുടെ കയ്യിലുണ്ട്. അതുവെച്ച് രാഷ്ട്രത്തിന്റെ പരമാധികാരിയെ കൊല്ലുകയാണ്. എത്രയെത്ര അക്രമങ്ങള്‍. നമ്മുടെ നാട്ടില്‍ നല്ലൊരു ഭാഗം കുടുംബങ്ങള്‍ ഉത്കണ്ഠയിലാണ്. മകനും മകളും വേണ്ടപ്പെട്ടവരുമെല്ലാം ഗള്‍ഫ് നാടുകളിലല്ലേ. അവിടങ്ങളിലെല്ലാം പ്രശ്‌നങ്ങളുമായി വന്നല്ലോ. ഇത്തരം കാര്യങ്ങളെ അപലപിക്കാന്‍ തയ്യാറാകണം എന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags

Share this story