ഇപിക്കെതിരായ ആരോപണം ചർച്ചയാകും; സിപിഎം സംസ്ഥാന സമിതി യോഗം ഇന്ന്

Akg

ഇ പി ജയരാജനെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണത്തിന് ശേഷമുള്ള ആദ്യ സിപിഎം സംസ്ഥാന സമിതി യോഗം ഇന്ന് ചേരും. ഇപിക്കെതിരെ ആരോപണമുന്നയിച്ച പി ജയരാജൻ പരാതി എഴുതി നൽകാത്ത സാഹചര്യത്തിൽ പാർട്ടി എന്ത് നിലപാട് എടുക്കുമെന്ന് ഇന്നറിയാം. ആലപ്പുഴയിലെ സംഘടനാ പ്രശ്‌നങ്ങളും ഇന്ധനസെസിനെതിരായ പ്രതിപക്ഷ സമരവും ഇന്നത്തെ യോഗത്തിൽ ചർച്ചയാകും

കണ്ണൂരിലെ ആയുർവേദ റിസോർട്ടിൽ ഇപി ജയരാജന് നിക്ഷേപമുണ്ടെന്ന ആരോപണമായിരുന്നു പി ജയരാജൻ ഉന്യനിച്ചത്. എന്നാൽ ആയുർവേദ റിസോർട്ടുമായി തനിക്ക് ബന്ധമില്ലെന്നും മകനും ഭാര്യക്കുമാണ് ബന്ധമെന്നും എല്ലാ കാര്യങ്ങളും പാർട്ടിയെ അറിയിച്ചാണ് ചെയ്തിരുന്നതെന്നും ഇ പി വിശദീകരിച്ചിരുന്നു. എന്നാൽ സംസ്ഥാന സമിതിയിൽ വിശദീകരിക്കാനാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നിർദേശിച്ചത്

രേഖാമൂലം പരാതി നൽകിയാൽ ചർച്ച ചെയ്യാമെന്ന് പാർട്ടി അറിയിച്ചിട്ടും പി ജയരാജൻ ഇതിൽ നിന്നും പിന്നോട്ടുപോയി. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അറിയിച്ചിട്ടും പി ജയരാജൻ പരാതി എഴുതി നൽകിയിട്ടില്ല. ആരോപണത്തിൽ നിന്നും പിൻമാറണമെന്ന് മുഖ്യമന്ത്രി ഉൾപ്പെടെ പി ജയരാജനോട് നിർദേശിച്ചതായാണ് വിവരം.
 

Share this story