എക്സൈസ് വകുപ്പിലെ കൈക്കൂലി ആരോപണം; വിജിലൻസ് അന്വേഷണത്തിന് സാധ്യത
തിരുവനന്തപുരം: എക്സൈസ് വകുപ്പിലെ കൈക്കൂലി ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണത്തിന് സാധ്യത. സീറാം സാംബശിവ റാവു എക്സൈസ് കമ്മീഷണർ ആയിരുന്ന കാലത്ത് ബാർ ലൈസൻസ് നൽകിയതിലും അന്വേഷണം നടന്നേക്കും.
ഇതുസംബന്ധിച്ച് എക്സൈസ് മന്ത്രി എം. ലിജു തിങ്കളാഴ്ച ആഭ്യന്തര മന്ത്രിക്ക് കത്ത് നൽകും. എക്സൈസിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥർക്കെതിരായ ആരോപണവും അന്വേക്ഷണ പരിധിയിൽ വരും.
സ്ഥാനമൊഴിയും മുൻപ് സീറാം സാംബ ശിവ റാവു നൽകിയ റിപ്പോർട്ടിൽ വളരെ ഗുരുതരമായ പരാമർശങ്ങളുണ്ടായിരുന്നു. ഉദ്യോഗസ്ഥർ കൈക്കൂലിവാങ്ങുന്നതായും ബാർ മുതലാളിമാരുമായി വകുപ്പ് മന്ത്രിക്ക് ബന്ധമുണ്ടെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. ജോയിന്റ് എക്സൈസ് കമ്മീഷണറായ എസ്. വിനോദ് ആലപ്പുഴയിലെ ബാർ മുതലാളിയിൽ നിന്ന് 30,000 രൂപയും മൂവാറ്റുപുഴയിലെ ഗംഗാബാറിൽ നിന്ന് 50,000 രൂപയും കൈപ്പറ്റിയതായും സാംബശിവ റാവുവിന്റെ റിപ്പോർട്ടിലുണ്ട്.
മാത്രമല്ല, ഡെപ്യൂട്ടി കമ്മീഷണറായ അജയ്യും കായംകുളം കുറ്റിച്ചിറയിലെ ബാറിൽ നിന്ന് മുപ്പതിനായിരം രൂപ വാങ്ങിയതായും റിപ്പോർട്ടിൽ പരാമർശിക്കുന്നു. ഇവർക്കെതിരേ അന്വേഷണം വേണമെന്ന ശുപർശയും റിപ്പോർട്ടിലുണ്ട്.
