എഐ ക്യാമറ ഇടപാടിൽ സർവത്ര ഗൂഢാലോചന; മുഖ്യമന്ത്രി മൗനം വെടിയണമെന്ന് സതീശൻ

satheeshan

എഐ ക്യാമറ ഇടപാടിൽ നടന്നത് സർവത്ര ഗൂഢാലോചനയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. 235 കോടിക്ക് എസ്റ്റിമേറ്റ് തയ്യാറാക്കുന്നത് മുതൽ ഗൂഢാലോചന നടന്നു. എല്ലാ ഇടപാടിനും കെൽട്രോണിന്റെ ഒത്താശയുണ്ടെന്നും സതീശൻ ആരോപിച്ചു. കോടികൾ വെട്ടാൻ പാകത്തിൽ എസ്റ്റിമേറ്റിട്ടു. ടെൻഡർ മാനദണ്ഡങ്ങളിൽ ഉപകരാർ പാടില്ലെന്നുണ്ട്. കെൽട്രോണും എസ് ആർ ഐ ടിയും തമ്മിൽ എഗ്രിമെന്റിൽ കൺസോർഷ്യം രൂപീകരിക്കാനും നിർദേശം നൽകി. ഇതിൽ പ്രസാഡിയോയും അൽ ഹിന്ദുമാണ് ഉള്ളത്. 

പിന്നീട് കെൽട്രോൺ അറിയാതെ ഇ സെൻട്രിക് ഇലക്ട്രികുമായി സർവീസ് എഗ്രിമെന്റുണ്ടാക്കി. പത്ത് ദിവസം കഴിഞ്ഞാണ് ഇക്കാര്യം കെൽട്രോണിനെ അറിയിക്കുന്നത്. 66 കോടിയാണ് ജി എസ് ടി നൽകിയത്. ഇതിലധികം തുക ചെലവിട്ടോയെന്ന് വ്യക്തമാക്കണം. മുഖ്യമന്ത്രിയുടെ മുറിക്കകത്തേക്ക് വിവാദം കടന്നിട്ടും മൗനം തുടരുകയാണ്. അടുത്ത ബന്ധുവിന് പങ്കുണ്ടെന്ന ആക്ഷേപം ആരും നിഷേധിക്കുന്നില്ല. ആദ്യം മുന്നോട്ടുവന്ന വ്യവസായ മന്ത്രിയെ പിന്നെ കണ്ടിട്ടില്ല. 

പ്രതിപക്ഷം പുറത്തുവിട്ട രേഖകൾ ഔദ്യോഗിക രേഖകളാണെന്ന് സമ്മതിച്ചില്ലേയെന്നും സതീശൻ ചോദിച്ചു. മുഖ്യമന്ത്രി മൗനം വെടിയണം. അദ്ദേഹത്തിന് പ്രതിപക്ഷം നൽകുന്ന അവസാന അവസരമാണിത്. സർക്കാരിന്റെ രണ്ടാം വാർഷികത്തിൽ അഴിമതി മുൻനിർത്തി ശക്തമായ സമരവുമായി പ്രതിപക്ഷം മുന്നോട്ടു പോകുമെന്നും സതീശൻ പറഞ്ഞു.
 

Share this story