ആശ വർക്കർമാർക്ക് 2000 രൂപയുടെ അലവൻസ്, എല്ലാവർക്കും വീട്; യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി

mani

തദ്ദേശ തെരഞ്ഞെടുപ്പിനുള്ള യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി. നടപ്പാക്കാൻ സാധിക്കുമെന്ന് ഉറപ്പുള്ള കാര്യങ്ങൾ മാത്രമാണ് പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ആശവർക്കർമാർക്ക് 2000 രൂപയുടെ പ്രത്യേക അലവൻസ് നൽകുമെന്ന് പ്രകടന പത്രികയിൽ പറയുന്നു

തൊഴിലില്ലായ്മ പരിഹരിക്കാൻ പഞ്ചായത്ത് തലത്തിൽ പദ്ധതികൾ, സീറോ വേസ്റ്റ്, എല്ലാവർക്കും വീട് ഉറപ്പുവരുത്തും, വീടില്ലാത്തവർക്ക് പ്രത്യേക താമസസൗകര്യം ഒരുക്കും, വീട് നിർമ്മിക്കുന്നതുവരെ വാടകയ്ക്ക് വീടൊരുക്കും, കേരളത്തിന്റെ യുവതലമുറയെ മയക്കുമരുന്ന്-ലഹരികളുടെ പിടിയിൽ നിന്നും മോചിപ്പിക്കാനായി കായിക വികസനം, യുവജനക്ഷേമം  മുൻനിർത്തി പ്രത്യേക പദ്ധതി ആവിഷ്‌കരിക്കും തുടങ്ങി ജനപ്രിയ വാഗ്ദാനങ്ങളാണ് യുഡിഎഫിന്റെ പ്രകടന പത്രികയിലുള്ളത്.

തെരുവുനായ ശല്യത്തിനെതിരെ പദ്ധതികൾ, വന്യജീവികളിൽ നിന്ന് സുരക്ഷ ഉറപ്പാക്കാൻ പ്രത്യേക സ്‌ക്വാഡ്, ദാരിദ്ര്യ നിർമ്മാർജനത്തിനായി ആശ്രയ 2 നവീകരിച്ച് നടപ്പിലാക്കും, എല്ലാവർക്കും ഗുണനിലവാരമുള്ള കുടിവെള്ളം, ആറ് പ്രധാന കോർപ്പറേഷനിൽ വിദേശ രാജ്യങ്ങളിലേതുപോലെ പൊതു ഗതാഗത സംവിധാനം മെച്ചപ്പെടുത്തും, ഗ്രാമീണ റോഡുകൾ ഗുണനിലവാരമുളളതാക്കും, തൊഴിലുറപ്പ് പദ്ധതികൾ കുറേക്കൂടി കാര്യക്ഷമമാക്കും, തെരുവു വിളക്കുകൾ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പുവരുത്താൻ പ്രത്യേക കർമ പരിപാടി. ഇതിനായി ഹെൽപ് ലൈൻ ആരംഭിക്കുമെന്നും പ്രകടന പത്രികയിൽ പറയുന്നു.
 

Tags

Share this story