അമിത് ഷാ ഇന്ന് കേരളത്തിലെത്തും; നാളെ ബിജെപിയുടെ കോർ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കും
ബിജെപിയുടെ നിയമസഭ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാൻ കേന്ദ്രമന്ത്രി അമിത് ഷാ ഇന്ന് കേരളത്തിൽ എത്തും. രാത്രി പത്തേകാലോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന അമിത് ഷാ നാളെ രാവിലെ തെരഞ്ഞെടുക്കപ്പെട്ട വാർഡ് അംഗങ്ങളുടെ യോഗത്തിൽ സംസാരിക്കും.
മാരാർജി ഭവനിലെ കോർ കമ്മിറ്റി യോഗത്തിലും പങ്കെടുക്കും. ഉച്ചയ്ക്ക് ശേഷമുള്ള സംസ്ഥാന നേതൃയോഗത്തിലും പങ്കെടുക്കും. അമിത് ഷാ യുടെ സന്ദർശനത്തിനോടനുബന്ധിച്ച്
നഗരത്തിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഇന്ന് രാത്രി 7 മുതൽ 11.30 വരെയും നാളെ രാവിലെ 7 മുതൽ വൈകിട്ട് 6 വരെയുമാണ് ഗതാഗത ക്രമീകരണം.
തിരുവനന്തപുരം കോർപറേഷനിൽ ബിജെപി അധികാരത്തിലേറിയത് ആഘോഷമാക്കാൻ കൂടിയാണ് അമിത് ഷാ എത്തുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ, മുൻ അധ്യക്ഷൻ കെ സുരേന്ദ്രൻ, ശോഭാ സുരേന്ദ്രൻ തുടങ്ങി പ്രധാന നേതാക്കളെല്ലാം കോർ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കും.
