മുനമ്പം ഐസ് പ്ലാന്‍റിലെ അമോണിയം ചോര്‍ച്ച: ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതര്‍
കൊച്ചി: മുനമ്പം മിനി ഫിഷിംഗ് ഹാര്‍ബറിലെ ഐസ് പ്ലാന്‍റില്‍ അമോണിയം ചോര്‍ച്ച ഉണ്ടായ സംഭവത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതര്‍. ഫയര്‍ഫോഴ്‌സ് വെള്ളം അടിച്ച് അമോണിയം നിര്‍വീര്യമാക്കി. പള്ളിപ്പുറം മിനി ഹാര്‍ബറിന് തെക്കു വശത്തുള്ള സാവിയോ ഐസ് പ്ലാന്‍റില്‍ ഉച്ചയ്ക്ക് 12.30 ഓടെയാണ് അമോണിയം ചോര്‍ച്ച ഉണ്ടായത്.
പ്രദേശവാസികളായ അറയ്ക്കല്‍ വീട്ടില്‍ ഫ്രാന്‍സിസ്, ജിബിന്‍, ജോര്‍ജ്, തോമസ് എന്നിവരുടെ കുടുബാംഗങ്ങളെ മുനമ്പം സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഐസ് പ്ലാന്‍റ് ബില്‍ഡിംഗ് റൂഫിന്‍റെ കോണ്‍ക്രീറ്റ് അടര്‍ന്ന് അമോണിയം ടാങ്കിന്‍റെ റിസീവര്‍ വാല്‍വില്‍ വീണ് പൈപ്പ് ഒടിഞ്ഞതിനാലാണ് അമോണിയം ലീക്കായത്.
പെരുമ്പടന്ന സ്വദേശിയായ എം.എം. ജലാലിന്‍റെ ഉടമസ്ഥതയിലുള്ള, നിലവില്‍ മുനമ്പം ഫിഷ് മര്‍ച്ചന്‍റ് അസോസിയേഷന്‍ നടത്തി വരുന്നതാണ് ഈ പ്ലാന്‍റ്. സംഭവ സമയം ഐസ് പ്ലാന്‍റിലെ മൂന്നു ജോലിക്കാര്‍ ഉണ്ടായിരുന്നു. നിലവില്‍ അഞ്ചുകുടുംബങ്ങളിലായി 12 ഓളം പേരെ മുനമ്പം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. രണ്ടു പേര്‍ക്ക് ശ്വാസതടസം ഉണ്ടായതിനെ തുടര്‍ന്ന് ഓക്‌സിജന്‍ നല്‍കുന്നുണ്ട്.
