സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; മലപ്പുറം സ്വദേശിയായ 10 വയസുകാരന് രോഗം സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം. മലപ്പുറം സ്വദേശിയായ 10 വയസുകാരന് രോഗം സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടത്തിയ സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 11 ആയി.
അതേസമയം അമീബിക് മസ്തിഷ്‌ക ജ്വരം ചികിത്സയില്‍ ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ്. അമീബയും ഫങ്കസും ഒരു പോലെ ബാധിച്ച 17 വയസുള്ള വിദ്യാര്‍ത്ഥി പൂർണ രോഗ മുക്തി നേടി. ലോകത്ത് തന്നെ ഗുരുതരാവസ്ഥയിലായ രോഗിയെ രക്ഷപ്പെടുത്തുന്നത് ഇതാദ്യമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് വ്യക്തമാക്കി.
അപൂര്‍വ അമീബിക് മസ്തിഷ്‌ക ജ്വരവും ആസ്പര്‍ജില്ലസ് ഫ്‌ളാവസ് ഫംഗസ് മസ്തിഷ്‌ക അണുബാധയും ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന 17 വയസുകാരനെയാണ് ജീവിതത്തിലേക്ക് തിരികെയെത്തിച്ചത്. ഗുരുതരമായ അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് ബാധിച്ച് മൂന്ന് മാസത്തോളം ചികിത്സയിലായിരുന്ന കൊല്ലം ശൂരനാട് സ്വദേശിയായ വിദ്യാര്‍ത്ഥിയേയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് പൂര്‍ണ ആരോഗ്യത്തോടെ ഡിസ്ചാര്‍ജ് ചെയ്തത്.
ലോകത്ത് തന്നെ വളരെ അപൂര്‍വമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഈ രണ്ട് മസ്തിഷ്‌ക അണുബാധയും ഒരുമിച്ച് ബാധിച്ച ഒരാള്‍ രക്ഷപ്പെടുന്നത് ഇതാദ്യമായാണെന്ന് ആരോഗ്യമന്ത്രി മന്ത്രി. മികച്ച ചികിത്സയും പരിചരണവും ഒരുക്കി കുട്ടിയെ രക്ഷിച്ചെടുത്ത മെഡിക്കല്‍ കോളേജിലെ മുഴുവന്‍ ടീമിനേയും രോഗം കൃത്യ സമയത്ത് കണ്ടുപിടിച്ച ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ടീമിനേയും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.
അമീബിക് മസ്തിഷ്‌ക ജ്വര ചികിത്സയിൽ കേരളം ഏറെ മുന്നിലാണ് എന്നതാണ് ഇത് തെളിയിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ആഗോള തലത്തില്‍ 99 ശതമാനം മരണനിരക്കുള്ള രോഗത്തിനെ മികച്ച പ്രവര്‍ത്തനങ്ങളിലൂടെയും ചികിത്സയിലൂടെയും 24 ശതമാനമാക്കി കുറയ്ക്കാന്‍ കേരളത്തിനായി.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സൂപ്രണ്ടും ന്യൂറോ സര്‍ജറി വിദഗ്ധനുമായ ഡോ. സുനില്‍ കുമാറാണ് ശസ്ത്രക്രിയകള്‍ക്ക് നേതൃത്വം നല്‍കിയത്.. രോഗത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ ശരിയായ രോഗനിര്‍ണയം നടത്താന്‍ കഴിഞ്ഞതും പിന്നീട് കൃത്യമായ സമയത്ത് ശസ്ത്രക്രിയകള്‍ ചെയ്തതും രോഗമുക്തിയില്‍ നിര്‍ണ്ണായകമായെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.